ബഹ്റൈനിൽ ഹോം ക്വാറന്റീൻ ലംഘിച്ച 34 പേരെ കോടതി ശിക്ഷിച്ചു

മനാമ: ബഹ്റൈനിൽ ഹോം ക്വാറന്റീൻ ലംഘനത്തിന് പിടിയിലായ 34 പേർക്കെതിരെ ലോവർ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. രാജ്യത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലംഘിച്ചതിനാണ് ശിക്ഷ. 1000 ബഹ്റൈൻ ദിനാർ മുതൽ 3000 ബഹ്റൈർ ദിനാർ വരെയാണ് ഓരോരുത്തർക്കും പിഴ വിധിച്ചത്. ഇതോടൊപ്പം മൂന്ന് വിദേശികളെ നാടുകടത്താനും ഉത്തരവിട്ടു.
അതേസമയം ചില സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മന്ത്രാലയ തീരുമാനം ലംഘിച്ചതിന് ഒരാൾക്ക് 5000 ദിനാർ പിഴ വിധിച്ചു. മുൻകൂർ ബുക്കിങ് ഇല്ലാതെ ഉപഭോക്താക്കളെ പ്രവേശിപ്പിച്ചതിനും ഉപഭോക്താക്കളുടെ ശരീരോഷ്‍മാവ് പരിശോധിക്കാതെ അകത്തുകടത്തിയതും ഒരു റസ്റ്റോറന്റിനാണ് ശിക്ഷ ലഭിച്ചത്. സ്ഥാപനം ആരോഗ്യ സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തുകയായിരുന്നു.