കേരളത്തിലെ ആയുർവേദ മേഖലയുടെ മികവ് തേടി ബഹ്റിൻ

മനാമ: കേരളത്തിന്റെ ആയുർവേദ മഹത്വം മനസ്സിലാക്കി ബഹ്റിനിലും ആയുർവേദം പ്രചരിപ്പിക്കാൻ ബഹ്റിൻ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു. ആൾട്ടർനേറ്റ് മെഡിസിൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ന് ലോകമെന്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ള ആയൂർവേദ ചികിത്സയ്ക്ക് ബഹ്റിനിൽ അംഗീകാരം നൽകുവാനും കൂടുതൽ നിക്ഷേപകരെ ഈ രംഗത്തേയ്ക്ക് ക്ഷണിക്കുവാനും ആരോഗ്യവകുപ്പ് മന്ത്രാലയം നടപടികളെടുക്കുന്നതെന്ന് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിട്ടിയുടെ അല്ലൈഡ് മെഡിക്കൽ പ്രൊഫഷൻ അഡ്-വൈസർ നമാത്ത് മുബാരക് അൽ സുലൈബി വ്യക്തമാക്കി. ഇതിന് വേണ്ടി കേരളത്തിലെ പ്രശസ്ത ആയൂർവേദ കേന്ദ്രങ്ങൾ ഇവർ സന്ദർശിച്ചു. ഇതര ചികിത്സാ രീതികളിൽ
പ്പെട്ട ഹോമിയോപ്പതി, യൂനാനി, ചൈനീസ് മെഡിസിൻ, നാചുറോപതി, ഹെർബൽ തെറാപ്പി തുടങ്ങിയ മേഖലകൾക്കും ഇത്തരം ക്രമീകരണങ്ങൾ കൊണ്ടുവരുമെന്നും ഇവർ വ്യക്തമാക്കി. ചൈനയിൽ വിദഗ്ദ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഈയിടെ നടന്ന ജി.സി.സി ഫോറത്തിൽ താൻ മുന്പോട്ട് വെച്ച പഠന റിപ്പോർട്ടിന് അംഗീകാരം നേടിയെടുക്കാൻ സാധിച്ചുവെന്നും നമാത്ത് പറഞ്ഞു.
ആയൂർവേദത്തെ .
ക്കുറിച്ച് കേട്ടറിവ് മാത്രമുള്ള തനിക്ക് ഈ ചികിത്സാരീതി നേരിട്ട് കണ്ടപ്പോൾ ഏറെ താൽപ്പര്യം തോന്നിയെന്നും തുടർന്നാണ് കേരളത്തിൽ നിരവധി ആയുർവേദ ചികിത്സാലയങ്ങൾ ഉണ്ടെന്ന് താൻ മനസ്സിലാക്കിയതെന്നും അവർ പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി രോഗികൾ ഇവിടെയെത്തി രോഗം ഭേദപ്പെട്ട് മടങ്ങുന്നതായും തന്റെ യാത്രാവേളയിൽ മനസിലാക്കി. ഇതിൽ ബഹ്റിനിൽ നിന്നുള്ളവരും ധാരാളമായി ഉണ്ടായിരുന്നു. അവരൊക്കെ ചികിത്സയിൽ ഏറെ സംതൃപ്തരാണെന്നതാണ് തന്നെ ആകർഷിച്ച ഘടകമെന്നും അവർ പറഞ്ഞു. നിരവധി രോഗികളുമായി താൻ സംസാരിച്ചു. ശരീരത്തിന്റെ ഒരു ഭാഗം തളർന്നുപോയി ആശുപത്രിയിലെത്തിയ ഒരു രോഗി പൂർണ്ണമായും തന്റെ രോഗം മാറിയെന്നവകാശപ്പെടുന്പോൾ അത് നിസ്സാരകാര്യമല്ല. ഈ ചികിത്സ ബഹ്റിനിൽ എന്തുകൊണ്ട് വിപുലമായ രീതിയിൽ ആരും തുടങ്ങുന്നില്ല എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ബഹ്റിനിൽ കേരളത്തിലേത് പോലെ എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള ഒരു ആയൂർവേദ ആശുപത്രിയുടെ നിർമ്മാണ് ഇപ്പോൾ തന്റെ സ്വപ്നമെന്നും നമാത്ത് മുബാരക് അൽ സുലൈബി വ്യക്തമാക്കി. ഈ രംഗത്ത് നിക്ഷേപിക്കുന്നതിനായി മുന്നോട്ടു വരുന്ന ആർക്കും അതോറിറ്റി എല്ലാ പ്രോത്സാഹനവും നൽകും. അതേസമയം അതോറിറ്റിയുടെ ലൈസൻസുകളോടെ മാത്രമേ സെന്ററുകൾ പ്രവർത്തിക്കാവൂവെന്നും നമാത്ത് ഓർമ്മിപ്പിക്കുന്നു.
അതോടൊപ്പം ആയൂർവേദ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് ബഹ്റിനികളെ ബോധവൽക്കരിക്കേണ്ടതുണ്ട്. ആയൂർവേദ മരുന്നുകൾക്ക് പാർശ്വ ഫലങ്ങളില്ലയെന്നതും ശ്രദ്ധേയമാണ്. കേരളത്തിലെ വിവിധ ആയുർവേദ കോളേജുകൾ സന്ദർശിച്ചപ്പോഴും തനിക്ക് പല ആശയങ്ങളും ലഭിച്ചിട്ടുണ്ടെന്നും, ബഹ്റിനി വിദ്യാർത്ഥികളെ ഇത്തരം കോഴ്സുകളിലേയ്ക്ക് ആകർഷിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇതിലുണ്ടെന്നും അവർ പറഞ്ഞു. ബഹ്റിനിൽ ഒരു ആയുർവേദ കോളേജ് ആരംഭിക്കണമെന്നുണ്ടെങ്കിലും പല പ്രതിബന്ധങ്ങളും തരണം ചെയ്യേണ്ടതുണ്ട്. പ്രധാനമായും ആയുർവേദ സസ്യങ്ങളും മറ്റും വളർത്തി ഒരു തോട്ടം നിർമ്മിക്കണമെങ്കിൽ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അത് അനുയോജ്യമല്ല. എങ്കിലും ഭാവിയിൽ ഇങ്ങനെയൊരു പദ്ധതിയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയവുമായി ചർച്ച നടത്തുമെന്നും നമാത്ത് വെളിപ്പെടുത്തി.