ബഹറിനിൽ ഫ്ളെക്സിബ്ൾ വർക്ക്പെർമിറ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

മനാമ: വിവിധ കാരണങ്ങളാൽ വിസയില്ലാതെ ബഹ്റിനിൽ തുടരേണ്ടി വന്നവർക്ക് നിയമവിധേയമായി തൊഴിലെടുക്കാനുള്ള സാഹചര്യമൊരുക്കുന്ന ‘ഫ്ളെക്സിബ്ൾ വർക്ക്പെർമിറ്റി’നുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ലേബർ മാർക്കറ്റ് റെഗുലേറ്റി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഒസാമ അൽ അബ്സി പറഞ്ഞു. വരുന്ന ഏപ്രിൽ മാസം മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ തൊഴിൽ മേഖല ഒരു ഉടച്ചുവാർക്കലിന് വിധേയമാകുമെന്നാണ് കരുതപ്പെടുന്നത്. ഫ്രീ വിസ എന്ന വിപത്തും ഇതോടെ അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഒസാമ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
മന്ത്രിസഭാതീരുമാനത്തെ തുടർന്നാണ് ഫ്ളക്സിബ്ൾ വർക്ക് പെർമിറ്റിനായുള്ള നടപടികളുമായി മുന്നോട്ടുപോകാൻ എൽ.എം.
ആർ.എ തീരുമാനിച്ചത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഒരു രാജ്യം ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്. രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെയും തൊഴിൽ വിപണിയെയും ചടുലമാക്കാൻ ഈ തീരുമാനം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എൽ.എം.
ആർ.എ സ്ഥാപിതമായതിന്റെ പത്താം വാർഷികവേളയിലാണ് ഇത് നടപ്പാക്കുന്നത്.
ഫ്ളക്സിബ്ൾ വർക്ക്പെർമിറ്റ് എടുക്കുന്ന തൊഴിലാളിക്ക് ആരുടെ കീഴിലും ജോലി ചെയ്യാൻ സാധിക്കും. പാർട്ട് ടൈം ആയോ, മുഴുവൻ സമയമോ ഒരു തൊഴിലുടമയുടെയോ ഒന്നിലധികം പേരുടെയോ കീഴിൽ പ്രവർത്തിക്കാം. തൊഴിലാളി തന്നെയാണ് ഫ്ളക്സിബ്ൾ വർക്ക്പെർമിറ്റിന് അപേക്ഷിക്കേണ്ടത്. വിവിധ കാരണങ്ങളാൽ മതിയായ രേഖകളില്ലാതെ ഇവിടെ തുടരേണ്ടിവന്നവർക്ക് നിയമവിധേയമായി രാജ്യത്ത് തുടരാനുള്ള സാഹചര്യവും ഇതുവഴി ഒരുങ്ങും. അതേസമയം റൺഎവെ കേസുള്ളവർക്ക് ഈ സൗകര്യം ലഭിക്കില്ല. താമസം, സോഷ്യൽ ഇൻഷൂറൻസ്, ആരോഗ്യ പരിരക്ഷ തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം തൊഴിലാളിക്ക് തന്നെയായിരിക്കും. ആദ്യഘട്ടത്തിൽ പ്രതിമാസം 2000 പേർക്കാണ് പെർമിറ്റ് നൽകുക. നിലവിൽ 2016 സപ്തംബർ 20 വരെയുള്ള കാലത്ത് ജോലി നഷ്ടപ്പെടുകയോ വിസ പുതുക്കാതിരിക്കുകയോ ചെയ്തശേഷവും ബഹ്റിനിൽ തുടരുന്നവർക്കാണ് ഫ്ളക്സിബ്ൾ പെർമിറ്റ് എടുക്കാനാവുക. രണ്ടു വർഷത്തേയ്ക്കാണ് ഇത് അനുവദിക്കുക.
200 ദിനാർ ആണ് ഫ്ളക്സിബ്ൾ വർക്ക് പെർമിറ്റ് ഫീസ്. ഹെൽത്ത് കെയർ ഇനത്തിൽ 144 ദിനാറും പ്രതിമാസം ഫീസായി 30 ദിനാർ വീതവും നൽകണം. ഇതിനുപുറമെ, നാട്ടിലേയ്ക്ക് മടങ്ങാനുള്ള വിമാനടിക്കറ്റിനുള്ള പണവും ഡിപ്പോസിറ്റ് ആയി നൽകേണ്ടി വരും. ഫ്ളക്സിബ്ൾ വർക്കർ, ഫ്ളക്സിബ്ൾ ഹോസ്പിറ്റാലിറ്റി വർക്കർ എന്നിങ്ങനെ രണ്ട് തരം വർക്ക്പെർമിറ്റുകളാണ് അനുവദിക്കുക.
കഫ്ത്തീരിയ, റെസ്റ്റോറന്റ്, ഹോട്ടൽ, സലൂൺ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർക്കാണ് ഫ്ളക്സിബ്ൾ ഹോസ്പിറ്റാലിറ്റി വർക്കർ പെർമിറ്റ് നൽകുന്നത്. ഇത്തരക്കാർ പ്രത്യേക മെഡിക്കൽ ടെസ്റ്റ് പാസാകേണ്ടിയും വരും.