ബഹറിനിൽ തൊഴിലന്വേഷകർക്ക് കഠിനകാലം

മനാമ: രാജ്യത്തെ തൊഴിൽസാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി ഭരണകൂടം നിരവധി പദ്ധതികൾ ആവിഷ്കരിച്ചു എങ്കിലും, തൊഴിൽക്ഷാമം വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ചു തൊഴിലന്വേഷകരുടെ എണ്ണത്തിൽ 4.3 ശതമാനം വർദ്ധന ഉണ്ടായതായാണ് കണക്കാക്കുന്നത്. 2016 അവസാനിക്കുമ്പോൾ തൊഴിലില്ലായ്മ അനുഭവിക്കുന്ന ബഹ്‌റൈൻ സ്വദേശികളുടെ എണ്ണം 8485 ആണ്. മുൻവർഷത്തേക്കാൾ 1539 പേരുടെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്നും ഉദ്യോഗസ്ഥവൃന്ദങ്ങൾ അറിയിച്ചു. മുൻവർഷങ്ങളിൽ യഥാക്രമം 3.5 ശതമാനവും, 3.8 ശതമാനവും ആയിരുന്ന തൊഴിലില്ലായ്മ നിരക്കാണ് 4.3 ശതമാനം ആയി ഉയർന്നിരിക്കുന്നത് എന്ന് തൊഴിൽ, സാമൂഹിക വികസന വകുപ്പ് മന്ത്രി ജമീൽ ഹുമൈദാൻ അറിയിച്ചു. പ്രസ്തുത വിഷയത്തിൽ എം പി ഒസാമ അൽ ഖാജ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി ആയിട്ടാണ് മന്ത്രി വിവരങ്ങൾ പങ്കുവെച്ചത്.
ആഭ്യന്തരതൊഴിൽ വിപണിയിൽ അവസരങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി ബഹ്‌റൈൻ സ്വദേശികളായ ബിരുദധാരികൾക്കും, തൊഴിലന്വേഷകർക്കുമായി നടത്തിയ പരിശീലനപരിപാടികളെ ചൂണ്ടിക്കാണിച്ചു കൊണ്ട്; ബഹ്‌റൈൻ സ്വദേശികൾക്ക് സ്ഥിരജോലികൾ ലഭിക്കുന്നതിനായി ഭരണകൂടം നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ടെന്ന കാര്യവും വിശദീകരിച്ചു. "കഴിഞ്ഞ വർഷം 2241 ഉം ഈ വർഷം ഇതുവരെ 285 ഉം ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിൽ പരിശീലനങ്ങൾ നൽകി. 2011 മുതലുള്ള കാലഘട്ടത്തിൽ 11489 ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകാനും സാധിച്ചു. പരിശീലനം പൂർത്തിയാക്കുന്ന ബഹ്‌റൈൻ സ്വദേശികൾക്ക് തൊഴിൽ നൽകാമെന്ന് 1374 സ്ഥാപനങ്ങൾ 2016 ഇൽ മന്ത്രാലയത്തോട് സമ്മതിച്ചിരുന്നു. തൽഫലമായി പരിശീലനം നേടിയ 2496 പേരിൽ നിന്നും 1555 ബിരുദധാരികൾക്ക് കഴിഞ്ഞ വർഷം തന്നെ ജോലിയും ലഭിച്ചു." - മന്ത്രി പറഞ്ഞു. ചൊവ്വാഴ്‌ച നടക്കാൻ പോകുന്ന ജനപ്രതിനിധികളുടെ പ്രതിവാര സമ്മേളനത്തിൽ പ്രസ്തുത തൊഴിൽ പ്രതിസന്ധി വിഷയം ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.