42 വർഷത്തെ കാത്തിരിപ്പിന് വിട; ബഹ്റൈൻ പ്രവാസി നാട്ടിലെത്തി

മനാമ : 42 വർഷങ്ങളായി ഒരിക്കൽ പോലും സ്വന്തം നാട് കാണാതെ ബഹ്‌റൈനിൽ കഴിയേണ്ടി വന്ന തിരുവനന്തപുരം സ്വദേശി ഗോപാലൻ ചന്ദ്രൻ സാമൂഹ്യപ്രവർത്തകരുടെ ഇടപ്പെടൽ കാരണം നാട്ടിലെത്തി. 95 വയസ് പ്രായമുള്ള അമ്മയുടെ കാത്തിരിപ്പിനാണ് ഇതോടെ അവസാനമായത്. ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ പ്രവർത്തകരാണ് ഇതിനായുള്ള മുൻകൈയെടുത്തത്.
1983 ഓഗസ്റ്റ് 16ന്, ഏറെ പ്രതീക്ഷകളുമായാണ് തിരുവനന്തപുരം പൗടിക്കോണം സമീപ ഗ്രാമത്തിൽ നിന്ന് ഗോപാലൻ ചന്ദ്രൻ ബഹ്റൈനിലെത്തിയത്. സ്പോൺസർ മരണപെട്ടതോടെയാണ് ഇദ്ദേഹത്തിന്റെ സാഹചര്യം മാറി മറിഞ്ഞത്. പാസ്പോർട്ടും മറ്റ് രേഖകളും നഷ്ടപ്പെട്ടതോടെ അദ്ദേഹം നിയമപരമായ രേഖകളില്ലാതെ ബഹ്‌റൈനിൽ കുടുങ്ങിപ്പോയി. തുടർന്ന് നീണ്ട 42 വർഷം അദ്ദേഹം കുടുംബവുമായി ഒരു ബന്ധവുമില്ലാതെ അതിജീവനം തുടരുകയായിരുന്നു.
2020-ൽ ഒരു കേസിൽ അകപ്പെടുന്നതോട് കൂടിയാണ് ഇയാളുടെ കഥ പുറം ലോകമറിഞ്ഞത്. തുടർന്ന് പ്രവാസി ലീഗൽ ഗ്ലോബൽ പിആർഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടുമായ സുധീർ തിരുനിലത്തിന്റെയും ജനറൽ സെക്രട്ടറി ഡോ. റിതിൻ രാജിന്റെയും നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തെ കണ്ടെത്തുകയും തിരിച്ചറിയൽ രേഖകൾ ശേഖരിക്കുകയും,പാസ്പോർട്ട് തരപ്പെടുത്തുകയുമായിരുന്നു.
തിരികെ നാട്ടിലെത്തിയ ഗോപാലൻ ചന്ദ്രനെ ബന്ധുക്കൾ വിമാനത്താവളത്തിൽ സ്വീകരിച്ചു.
എയർ അറേബ്യ വിമാനത്തിൽ ഒരു സഹായിക്കൊപ്പമാണ് അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങിയത്. ഇതിനായി സഹകരിച്ച ഇന്ത്യൻ എംബസി,എമിഗ്രേഷൻ,മിനിസ്റ്ററി ഓഫ് ഇന്റീരിയർ,എൽ എം ആർ എ തുടങ്ങിയ അധികാരികളോടുള്ള നന്ദി സുധീർ തിരുനിലത്ത് അറിയിച്ചു.
aa