2025-ലെ ആദ്യ പാദത്തിൽ ദേശീയ വരുമാന കാര്യാലയം 358 പരിശോധനകൾ നടത്തിയതായി അധികൃതർ

2025-ലെ ആദ്യ പാദത്തിൽ ബഹ്റൈനിലെ വിവിധ ഗവർണറേറ്റുകളിൽ ദേശീയ വരുമാന കാര്യാലയം 358 പരിശോധനകൾ നടത്തിയതായി അധികൃതർ അറിയിച്ചു. ഡിജിറ്റൽ സ്റ്റാമ്പ് പദ്ധതി ഉൾപ്പെടെയുള്ള വാറ്റ്, എക്സൈസ് നിയമങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ നടന്നത്.
പരിശോധനകളിൽ ആകെ 46 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇവർക്കെതിരെ പിഴ ശിക്ഷയടക്കമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. വാറ്റ് ഇൻവോയ്സുകൾ നൽകുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തത്, വാറ്റ് ഉൾപ്പെടെയുള്ള വിലകൾ പ്രദർശിപ്പിക്കാത്തത്, സാധുവായതും സജീവവുമായ ഡിജിറ്റൽ സ്റ്റാമ്പില്ലാതെ എക്സൈസ് ഉൽപ്പന്നങ്ങൾ വിതരണം ചെയ്തത്, വാറ്റ് സർട്ടിഫിക്കറ്റ് ദൃശ്യമായ സ്ഥലത്ത് പ്രദർശിപ്പിക്കാത്തത്, വാറ്റ് ഇൻവോയ്സ് നൽകാത്തത്, വാറ്റ് ബാധകമല്ലാത്ത സാധനങ്ങൾക്ക് വാറ്റ് ഇൻവോയ്സുകൾ നൽകിയത് എന്നിവയായിരുന്നു റിപ്പോർട്ട് ചെയ്യപ്പെട്ട ലംഘനങ്ങൾ.
വാറ്റ് വെട്ടിപ്പ് സംശയിക്കുന്ന മറ്റ് നിയമലംഘനങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തിന് ശേഷം കുറ്റം ചെയ്തെന്ന് തെളിഞ്ഞവർക്ക് അഞ്ച് വർഷം വരെ തടവും, അടയ്‌ക്കേണ്ട വാറ്റ് തുകയുടെ മൂന്നിരട്ടി പിഴയും ശിക്ഷയായി ലഭിക്കുമെന്നും ദേശീയ വരുമാന കാര്യാലയ അധികൃതർ അറിയിച്ചു.
്േി്േ