ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ ആലേഖ് ചിത്രരചനാ മത്സരം ഏപ്രിൽ 24, 25 തീയതികളിൽ നടക്കും

പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്‌കൂളിൽ ഈ വർഷത്തെ ആലേഖ് ചിത്രരചനാ മത്സരം ഏപ്രിൽ 24, 25 തീയതികളിൽ നടക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു . ഈ വർഷം 5 മുതൽ 18 വയസ്സ് വരെ പ്രായമുള്ള വിദ്യാർത്ഥികളെ ദൃശ്യ, വർണ്ണ, സൃഷ്ടി, പ്രജ്ഞ എന്നിങ്ങനെ നാല് പ്രായ വിഭാഗങ്ങളായി തിരിച്ചാണ് മത്സരം നടക്കുന്നത്.
പങ്കെടുക്കുന്നവർക്ക് ക്രയോണുകൾ, പാസ്റ്റലുകൾ, വാട്ടർ കളറുകൾ, അക്രിലിക്കുകൾ തുടങ്ങിയ പ്രായത്തിന് അനുയോജ്യമായ മാധ്യമങ്ങൾ ഉപയോഗിച്ച് അവരുടെ കലാസൃഷ്ടികൾ ഒരുക്കാം. ഏകദേശം 3,000 വിദ്യാർത്ഥികളുടെ പങ്കാളിത്തമുണ്ടാകുമെന്ന് കരുതപ്പെടുന്ന ആലേഖ് ’25 മേഖലയിലെ ഏറ്റവും വലിയ ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരങ്ങളിൽ ഒന്നായിരിക്കും.
രജിസ്ട്രേഷൻ സൗജന്യമാണ്. പ്ലാറ്റിനം ജൂബിലി പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 24 വ്യാഴാഴ്ച വൈകുന്നേരം 6:00 മണിക്ക് ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടക്കും. ഉദ്ഘാടനത്തിന് ശേഷം, 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ശില്പി മൊഹ്‌സിൻ അൽ തൈതൂൺ ശിൽപ നിർമ്മാണത്തെ കുറിച്ചുള്ള ശിൽപ്പശാല നടക്കും. ഏപ്രിൽ 25 വെള്ളിയാഴ്ച രാവിലെ ഇന്റർ-സ്കൂൾ പെയിന്റിംഗ് മത്സരം നടക്കും.
മത്സരത്തിന് മുമ്പ് പങ്കെടുക്കുന്നവർക്ക് അവരുടെ വിഷയങ്ങളും ഡ്രോയിങ്ങ് പേപ്പറും വേദിയിൽ ലഭിക്കും. അതേസമയം വിദ്യാർത്ഥികൾ സ്വന്തം കലാസാമഗ്രികൾ കൊണ്ടുവരണം. അന്ന് രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 1:00 വരെ മുതിർന്ന കലാകാരൻമാർക്ക് പങ്കെടുക്കാവുന്ന ആർട്ട് വാൾ അരങ്ങേറും. വൈകീട്ട് 6:30 മണിക്ക് സമാപന ചടങ്ങും സമ്മാന വിതരണവും നടക്കും.
വിവിധ വിഭാഗങ്ങളിലെ വിജയികളെ കാഷ് പ്രൈസുകൾ, മെഡലുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവ നൽകുന്നതാണെന്നും, പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിക്കുമെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കി. തിരഞ്ഞെടുത്ത കലാസൃഷ്ടികളും വേദിയിൽ പ്രദർശിപ്പിക്കും.
വിദ്യാർത്ഥികൾ ഏപ്രിൽ 18 വെള്ളിയാഴ്ചയ്ക്കകം അവരുടെ സ്കൂളുകൾ വഴിയാണ് മത്സരത്തിനായി രജിസ്റ്റർ ചെയ്യേണ്ടത് . കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 39813905 അല്ലെങ്കിൽ 39804126 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
jgjgjgj