മത്സ്യബന്ധനത്തിനുള്ള സീസണൽ നിരോധനം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനുള്ള അടിയന്തര നിർദേശത്തിന് അംഗീകാരം

ഷേരി, സാഫി, അൻഡാക്ക് മത്സ്യങ്ങൾ പിടിക്കുന്നതിനുള്ള രണ്ട് മാസത്തെ സീസണൽ നിരോധനം മൂലം ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകാനുള്ള അടിയന്തര നിർദേശത്തിന് ബഹ്റൈൻ പാർലിമെന്റ് എം.പിമാർ ഏകകണ്ഠമായി അംഗീകാരം നൽകി. ഏപ്രിൽ ഒന്നു മുതൽ 31 വരെ നീണ്ടുനിൽക്കുന്ന നിരോധനം മൂലം മത്സ്യത്തൊഴിലാളികൾ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചതിനെത്തുടർന്നാണ് എം.പി ഹിഷാം അൽ അഷീരിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാർ നിർദേശം മുന്നോട്ടുവെച്ചത്.
രാജ്യത്തെ സമുദ്രജീവികളെ സംരക്ഷിക്കാനും മത്സ്യ ശേഖരത്തിന്റെ ദീർഘകാല സ്ഥിരത ഉറപ്പാക്കാനും ലക്ഷ്യമിടുന്നതാണ് സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഏർപ്പെടുത്തിയ നിരോധനം. തീരുമാനത്തിനുപിന്നിലെ പാരിസ്ഥിതിക ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകിയെങ്കിലും എം.പിമാർ മാനുഷികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾ എത്രയും വേഗത്തിൽ പരിഹരിക്കണമെന്നും നിർദേശിക്കുകയായിരുന്നു.
ി്േി