ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് നാളെ തുടക്കമാകും

ലോകമെമ്പാടുമുള്ള കാറോട്ട മത്സര പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫോർമുല വൺ ബഹ്റൈൻ ഗ്രാൻഡ് പ്രീക്ക് നാളെ തുടക്കമാകും. മത്സരത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ബഹ്റൈൻ മന്ത്രിസഭാ യോഗം ഗ്രാൻഡ് പ്രീക്‌സിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തി.
ബഹ്റൈനിലെ 21മാത്തെ ഗ്രാൻഡ് പ്രീ മത്സരമാണിത്. ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് രാജ്യത്ത് അനുഭവപ്പെടാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് അധികൃതർ സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
ബഹ്റൈൻ ഇന്ററർനാഷനൽ സർക്യൂട്ട് പരിസരത്തേക്കുള്ള അനധികൃത പ്രവേശനം തടയുന്നതിനായി പ്രധാന റോഡുകളിൽ വാഹന പരിശോധനാ കേന്ദ്രങ്ങളും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് ആക്‌സസ് പോയിന്റുകളുള്ള വിപുലീകരിച്ച പ്രവേശന കവാടങ്ങളും, തൊഴിൽ മന്ത്രാലയത്തിന്റെയും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെയും സഹകരണത്തോടെ കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്കായി മൂന്ന് താൽക്കാലിക കാൽനടപ്പാലങ്ങളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
ബിഐസി മീഡിയ സെന്ററിൽ നടന്ന പത്രസമ്മേളനത്തിൽ ലെഫ്റ്റനന്റ് കേണൽ ആദേൽ അൽ ദോസേരി ഫോർമുല വൺ തയാറെടുപ്പുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകി. വിവിധ ട്രാവൽ ഏജൻസികൾ, ഹോട്ടലുകൾ, ഈവന്റ് മാനേജ്മെന്റ് കമ്പനികൾ എന്നിവയുടെ നേതൃത്വത്തിൽ വിദേശത്തുനിന്നുള്ള നിരവധി ടൂർ പാക്കേജുകളും ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 13ന് ഞായറാഴ്ച്ച കാറോട്ട മത്സരം സമാപിക്കും.
dsfsdf