ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ടിക്കെറ്റെടുത്തവർക്കായി പിറ്റ് ലൈൻ നടന്നു കാണാനുള്ള അവസരം

ഫോർമുല വൺ ഗൾഫ് എയർ ബഹ്റൈൻ ഗ്രാൻഡ് പ്രീ ടിക്കെറ്റെടുത്തവർക്കായി പിറ്റ് ലൈൻ നടന്നു കാണാനുള്ള അവസരം. ഏപ്രിൽ 10ന് വൈകീട്ട് ഏഴ് മുതൽ 8.30 വരെ മത്സരങ്ങൾക്കായി ടിക്കറ്റെടുത്തവർക്കും മറ്റു പാസുകളുള്ളവർക്കും പിറ്റ് ലൈൻ വാക്കിന് പങ്കെടുക്കാമെന്ന് ബഹ്റൈന്‍ ഇന്‍റർനാഷനൽ സർക്യൂട്ട് അറിയിച്ചു.
അന്നേ ദിവസം വൈകീട്ട് നാലു മുതൽ സർക്യൂട്ട് ഗേറ്റുകൾ തുറന്നിടും. ഏപ്രിൽ 11 മുതൽ 13 വരെയാണ് ഗ്രാൻഡ് പ്രീ മത്സരങ്ങൾ അരങ്ങേറുക. അതിന് തയാറെടുക്കുന്ന ടീമുകളെയും അവരുടെ ഗാരേജ് വീക്ഷിക്കാനുള്ള അവസരവും പിറ്റ് ലൈൻ നടത്തത്തിലൂടെ സാധ്യമാകും.
ഇതിലൂടെ ആരാധകർക്ക് ചിത്രങ്ങൾ പകർത്താനും ഗാരേജിന്‍റെ പ്രവർത്തനങ്ങളോടൊപ്പം കാറുകളുടെ പ്രവർത്തനവും കാണാനാകും. ഗ്രാൻഡ്സ്റ്റാൻഡ് ടിക്കറ്റുകൾ ഇതിനോടകം വിറ്റുതീർന്നതിനാൽ അവശേഷിക്കുന്ന ദ ഡോം ലോഞ്ചിലെ ഹോസ്പിറ്റാലിറ്റി പാക്കേജ് ടിക്കറ്റുകൾ എത്രയുംവേഗം വാങ്ങാൻ ശ്രമിക്കണമെന്നും അതിനായി ബഹ്റൈൻ സിറ്റി സെന്‍ററിലെ ടിക്കറ്റ് സെന്‍റർ സന്ദർശിക്കാമെന്നും ആരാധകരോട് ബി.ഐ.സി അധികൃതർ അറിയിച്ചു.
ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് നിരവധി വിനോദ സംഗീത പരിപാടികളും സാഖിറിലെ സർക്യൂട്ട് പരിസരത്ത് ബി.ഐ.സി സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് ദിവസവും രാത്രികളിൽ പ്രശസ്തരായ സംഗീതജ്ഞരുടെ കലാവിരുന്നും മികച്ച കലാപ്രകടനങ്ങളും ഫാമിലി എന്‍റർടൈൻമെന്‍റ് ഏരിയകളും കുട്ടികളുടെ ഗെയിം സെന്‍ററുകളും ഒരുക്കിയിട്ടുണ്ട്.
ssef