അറേബ്യൻ കടലിൽ വൻ മയക്കുമരുന്ന് വേട്ട

ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന അറേബ്യൻ കടലിൽനിന്ന് 260 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. യു.എസ് കോസ്റ്റ് ഗാർഡ് ഫാസ്റ്റ്-റെസ്‌പോൺസ് കട്ടർ സേനയാണ് പരിശോധനക്കിടെ ഒരു കപ്പലിൽനിന്ന് 200 കിലോ മെത്താംഫെറ്റാമിനും 60 കിലോ ഹെറോയിനും പിടിച്ചെടുത്തത്.
കഴിഞ്ഞ മാസം സി.ടി.എഫ് 150ന്‍റെ നേതൃത്വത്തിൽ അറേബ്യൻ കടലിൽനിന്ന് 2400 കിലോ മയക്കുമരുന്ന് പിടികൂടിയിരുന്നു. 34 രാജ്യങ്ങളുടെ സഖ്യമായ സംയുക്ത മാരിടൈം ഫോഴ്സസിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്രീയ സഖ്യ നാവിക ടാസ്ക് ഫോഴ്സാണ് സി.ടി.എഫ് 150. ന്യൂസിലൻഡിനാണ് നിലവിൽ ഇതിന്‍റെ കമാൻഡർ സ്ഥാനം.
കഴിഞ്ഞ ജനുവരിയിലാണ് പാകിസ്താനിൽനിന്ന് സി.ടി.എഫിന്‍റെ നേതൃസ്ഥാനം ന്യൂസിലൻഡ് ഏറ്റെടുത്തത്. സമുദ്ര സുരക്ഷാ ഓപറേഷനുകൾ (എം.എസ്.ഒ) നടത്തുക, ഭീകര പ്രവർത്തനങ്ങളെയും അനുബന്ധ നിയമവിരുദ്ധ പ്രവർത്തനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് സി.ടി.എഫ് 150ന്റെ പ്രധാന ദൗത്യം.
sdffd