റെസിഡൻഷ്യൽ ഏരിയകളിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി മുനിസിപ്പൽ കൗൺസിലർമാർ

റെസിഡൻഷ്യൽ ഏരിയകളിൽ അടിയന്തരമായി തെരുവുവിളക്കുകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി മുനിസിപ്പൽ കൗൺസിലർമാർ. ഈസ്റ്റ് ഹിദ്ദിൽ കഴിഞ്ഞ ദിവസമുണ്ടായ സൈക്കിൾ അപകടത്തെത്തുടർന്നാണ് നിർദേശം വന്നിരിക്കുന്നത്.
തെരുവുകളിൽ വെളിച്ചത്തിന്‍റെ അപര്യാപ്തത അപകട സാധ്യതയുണ്ടാക്കുമെന്നും കാൽനടക്കാരുടെ ജീവന് ഭീഷണിയാണെന്നും മുന്നറിയിപ്പ് നൽകിയുമാണ് കൗൺസിലർമാർ നിർദേശം നൽകിയത്.
ഞായറാഴ്ച രാത്രി പള്ളിയിലെ നമസ്കാരം കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന മലയാളികളായ രണ്ട് വിദ്യാർഥികളെ കാറിടിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിരുന്നു. കൊല്ലം മുഖത്തല സ്വദേശി മുഹമ്മദ് സഊദ് (14)ആണ് മരിച്ചത്. സഹയാത്രികൻ ഇപ്പോഴും ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ തുടരുകയാണ്.
ഹിദ്ദിലെ പല റെസിഡൻസി ഏരിയകളിൽ ഇപ്പോഴും തെരുവുവിളക്കുകളുടെ അഭാവമുണ്ടെന്നും, ഇത് പ്രദേശത്തുള്ളവർക്ക് ഗുരുതര സുരക്ഷ പ്രശ്നങ്ങളുണ്ടാക്കുമെന്നും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ വീണ്ടും ആവർത്തിക്കുമെന്നും ഹിദ്ദിനെ പ്രതിനിധീകരിക്കുന്ന കൗൺസിലർ മുഹമ്മദ് അൽ മേഖാവി പറഞ്ഞു.
അടിയന്തര നിർദേശം കൗൺസിൽ ഏകകണ്ഠമായി അംഗീകരിക്കുകയും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രി വഈൽ അൽ മുബാറക്കിനും വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാനും, തൊഴിൽ മന്ത്രി ഇബ്രാഹിം അൽ ഹവാജിനും അവലോകനത്തിനായി അയക്കാൻ റഫർ ചെയ്യുകയും ചെയ്തു.
dsdfg