'ലോകകേരളം ഓൺലൈൻ പോർട്ടൽ രജിസ്‌ട്രേഷൻ' ബഹ്‌റൈൻ ക്യാംപെയ്ന്റെ ഉദ്‌ഘാടനം നടന്നു

ലോകമെമ്പാടുമുള്ള മലയാളി പ്രവാസികളെ ഒരുകുടക്കീഴില്‍ ഒരുമിപ്പിക്കാനും പ്രവാസികേരളീയര്‍ക്ക് ആശയ കൈമാറ്റത്തിനും പ്രൊഫഷണൽ കൂട്ടായ്മകള്‍ക്കും ബിസിനസ്, തൊഴിലവസരങ്ങൾ കണ്ടെത്താനും, സാംസ്കാരിക കൈമാറ്റങ്ങള്‍ക്കും രൂപകല്പന ചെയ്തിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ലോകകേരളം ഓൺലൈൻ പോർട്ടൽ രജിസ്‌ട്രേഷൻ ബഹ്‌റൈൻ ക്യാംപെയ്ന്റെ ഉദ്‌ഘാടനം നടന്നു.
ബഹ്‌റൈനിലെ വിവിധ സംഘടനാ പ്രതിനിധികളുടെ സാന്നിധ്യത്തിൽ ലോകകേരള സഭ അംഗവും കേരളീയ സമാജം പ്രസിഡന്റുമായ പി.വി രാധാകൃഷ്ണ പിള്ള പോർട്ടൽ ഉദ്‌ഘാടനം ചെയ്തു. നോർക്ക-റൂട്ട്‌സ് സിഇഒ അജിത് കൊളശ്ശേരി, ലോക കേരളസഭാ കോഡിനേറ്റർ അഖിൽ സി എസ്, അഭിജിത് വി.ജി എന്നിവർ ഓൺലൈനായും പരിപാടിയിൽ പങ്കെടുത്തു.
കേരളീയ സമാജം ബാബുരാജ് ഹാളിൽ വച്ച് സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ ലോകകേരള സഭാംഗങ്ങളായ സി.വി നാരായണൻ അധ്യക്ഷത വഹിക്കുകയും സുബൈർ കണ്ണൂർ സ്വാഗതം ആശംസിക്കുകയും ഷാജി മൂതല നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കെ സ്മാർട്ട് ഉൾപ്പെടെയുള്ള സർക്കാരിന്റെ ഡിജിറ്റൽ സർവീസുകൾ, കലാമണ്ഡലത്തിന്റെ ഹ്രസ്വകാല ഓൺലൈൻ കോഴ്സുകൾ, ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകൾ, കൗൺസിലിംഗ് സേവനങ്ങൾ, ആയുഷ് വഴിയുള്ള ആയുർവേദ കൺസൾട്ടേഷൻ സർവീസ് തുടങ്ങിയ സേവനങ്ങൾ ഈ പോർട്ടലിലൂടെ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നതായി അധികൃതർ വ്യക്തമാക്കി.
വ്യക്തികൾക്കും , സംഘടനകൾക്കും പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബഹ്‌റൈനിലെ അമ്പതോളം സംഘടന പ്രതിനിധികൾ പങ്കെടുത്ത പരിപാടിക്ക് എൻ.വി ലിവിൻ കുമാർ ഏകോപനം നിർവഹിച്ചു. ബഹ്‌റൈനിലെ മുഴുവൻ പ്രവാസി മലയാളികളും www.lokakeralamonline.kerala.gov.in എന്ന ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സാമൂഹ്യ സംഘടനാ പ്രതിനിധികൾ അഭ്യർത്ഥിച്ചു.
sfsdf