ബഹ്റൈനിലെ കീം പരീക്ഷാ കേന്ദ്രങ്ങൾ റദ്ദാക്കി


മനാമ:

മതിയായ അപേക്ഷരുടെ എണ്ണം കുറവായതിനാൽ ബഹ്റൈനിലെയും ഹൈദരാബാദിലെയും കീം പരീക്ഷ കേന്ദ്രങ്ങൾ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ആദ്യ ചോയ്സായി ബഹ്റൈനിനെയും ഹൈദരാബാദിനെയും പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്ത അപേക്ഷകർക്ക് അവരുടെ തുടർന്നുള്ള ഓപ്ഷനുകൾക്ക് അനുസൃതമായി പരീക്ഷ കേന്ദ്രങ്ങൾ അനുവദിക്കും.

ഏപ്രിൽ 24 മുതൽ ഏപ്രിൽ 28 വരെയാണ് പരീക്ഷകൾ നടക്കുന്നത്. ഏപ്രിൽ നാല് മുതൽ ഹാൾടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് അപേക്ഷകർക്ക് എടുക്കാൻ സാധിക്കും. മെയ് 10നോ അതിന് മുമ്പായോ പരീക്ഷഫലം പുറത്ത് വരും. കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലുള്ള എഞ്ചിനീയറിങ്ങ്, ആർക്കിടെക്ട് കോഴ്സുകളിലേയ്ക്കുള്ള വിദ്യാർത്ഥികളെയാണ് ഇതിലൂടെ തെരഞ്ഞെടുക്കുന്നത്.

അതേസമയം, 2024-25 അദ്ധ്യയന വർഷത്തെ കീം പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുള്ളവരിൽ റീഫണ്ടിന് അർഹതയുളള വിദ്യാർത്ഥികൾക്ക് ഒന്നാംഘട്ടം റീഫണ്ട് നൽകിയിരുന്നു. അതിൽ അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായത് കാരണം റീഫണ്ട് ലഭിക്കാത്തവർ ഒരിക്കൽകൂടി ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപലോഡ് ചെയ്യണം. റീഫണ്ട് റിട്ടേൺ ആയ വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in ലെ 'KEAM 2024 Candidate Portal' ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്വേർഡ് എന്നിവ നൽകി പ്രവേശിച്ച് 'Submit Bank Account Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്‌ത്‌ അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 20 വൈകിട്ട് 5 മണിക്കുള്ളിൽ സമർപ്പിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

You might also like

Most Viewed