സമസ്ത ബഹ്റൈൻ മനാമ ഏരിയയുടെ ഇഫ്താർ സംഗമത്തിന് ഈ വർഷവും തുടക്കമായി

സമസ്ത ബഹ്റൈൻ മനാമ ഏരിയ വർഷം തോറും നടത്തിവരാറുള്ള ഇഫ്താർ സംഗമത്തിന് ഈ വർഷവും തുടക്കമായി. ദിനംപ്രതി 600ഓളം ആളുകൾ പങ്കെടുക്കുന്ന ഇഫ്താർ സദസ്സാണ് ഇവർ സംഘടിപ്പിക്കുന്നത്.
സമസ്ത ബഹ്റൈൻ കേന്ദ്ര ആസ്ഥാനമായ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസയിലാണ് നോമ്പുതുറക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.
റമദാനിൽ എല്ലാ ദിവസവും കൃത്യം അഞ്ച് മണിക്ക് യാസീൻ പാരായണത്തോടുകൂടി ആരംഭിക്കുന്ന നോമ്പുതുറ സംഗമത്തിൽ സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് ഫക്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ നസ്വീഹത്തിനും പ്രാർഥനക്കും നേതൃത്വം നൽകുന്നു.
സമസ്ത ബഹ്റൈൻ വർക്കിങ് സെക്രട്ടറി കുഞ്ഞഹമ്മദ് ഹാജി, ഹാഫിള് ശറഫുദ്ദീൻ മൗലവി, ഫാസിൽ വാഫി, സമസ്ത ബഹ്റൈൻ മനാമ എരിയ കമ്മിറ്റി ഭാരവാഹികൾ, എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ പ്രവർത്തകർ തുടങ്ങിയവർ ഇഫ്ത്താർ സംഗമത്തിന് നേതൃത്വം നൽകുന്നുണ്ട്.