അമേരിക്കയ്ക്ക് പുറത്ത് അരിവാൾ രോഗം ഭേദമാക്കുന്ന ആദ്യ രാജ്യമായി ബഹ്റൈൻ

അമേരിക്കയ്ക്ക് പുറത്ത് അരിവാൾ രോഗം അത്യാധുനിക സംവിധാനങ്ങളോടെ ഭേദമാക്കുന്ന ആദ്യ രാജ്യമായി ബഹ്റൈൻ മാറി. സിക്കിൾ സെൽ ഡിസീസ് ബാധിച്ച 24കാരനായ ബഹ്റൈനി സ്വദേശി അംജദ് അൽ മഹാരിയാണ് രോഗമുക്തി നേടിയത്. ഓങ്കോളജി സെന്ററിൽ നടന്ന ജീൻ എഡിറ്റിങ് സാങ്കേതിക വിദ്യയിലൂടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയാണ് അംജദിനെ രാജ്യത്തെ മെഡിക്കൽ വിദഗ്ധർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ശസ്ത്രക്രിയക്കുശേഷം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ആശുപത്രിയിൽ രോഗിയെ സന്ദർശിക്കുകയും സുഖവിവരങ്ങൾ ആരായുകയും ചെയ്തിരുന്നു. ഒരു വർഷം മുമ്പാണ് അംജദിനെ രോഗചികിത്സക്കായി പരിചരിച്ചുതുടങ്ങിയത്.
അന്നുമുതൽ തന്റെ രോഗവിവരങ്ങളും ചികിത്സാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്ന കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ആർ.എം.എസ് മെഡിക്കൽ സംഘത്തിനും അംജദ് നന്ദി അറിയിച്ചു. വിജയകരമായ ചികിത്സക്ക് ശേഷം രോഗിയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തതായി റോയൽ മെഡിക്കൽ സർവിസ് അറിയിച്ചു.
sdfdsf