സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിയമ ഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം

രാജ്യത്തെ സ്വകാര്യ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞ അളവിൽ സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിയമ ഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം. 2015ലെ പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം ഭേദഗതി ചെയ്യാനുള്ള നിർദേശം ഡോ. ജമീല അൽ സൽമാൻ അധ്യക്ഷയായ സേവന സമിതിയാണ് മുന്നോട്ടുവെച്ചത്.
ജോലികളിൽ ബഹ്റൈനികൾക്ക് മുൻഗണന നൽകിക്കൊണ്ട് മതിയായ ആരോഗ്യ പ്രഫഷനലുകൾ ലഭ്യമാണെന്ന് സുപ്രീം കൗൺസിൽ ഫോർ ഹെൽത്ത് ഉറപ്പാക്കണമെന്ന് ജമീല അൽ സൽമാൻ ചൂണ്ടിക്കാട്ടി. നേരത്തേ സ്വകാര്യ മെഡിക്കൽ മേഖലയിൽ 50 ശതമാനം സ്വദേശിവത്കരണം ഏർപ്പെടുത്താനുള്ള നിർദേശത്തിന് എം.പിമാർ അംഗീകാരം നൽകിയിരുന്നെങ്കിലും അത് പ്രായോഗികമല്ലെന്ന് അവർ വിശദീകരിച്ചു.
അതേത്തുടർന്നാണ് കുറഞ്ഞ അളവിൽ സ്വദേശി വത്കരണത്തിന് ശൂറ കൗൺസിൽ അനുമതി നൽകിയത്. അതേ സമയം, നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുമായി കൂടിയാലോചിച്ചതിനുശേഷം മാത്രമേ പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കൂവെന്ന് തൊഴിൽ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ ഹൈക്കി പറഞ്ഞു. നിർദിഷ്ട ബിൽ പാർലമെൻറിൻറെ രണ്ടാം അവലോകനത്തിനായി റഫർ ചെയ്യും.
ശൂറ കൗൺസിലിൻറെ നിർദേശം അംഗീകരിക്കപ്പെട്ടാൽ അത് ഹമദ് രാജാവിൻറെ അനുമതിക്കായി നൽകും.
asda