തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം


തൊഴിലുടമകൾക്കും തൊഴിലാളികൾക്കും പ്രയോജനപ്രദമാകുന്നരീതിയിൽ പിഴകളിൽ ഇളവ് നൽകുന്ന നിയമഭേദഗതിക്ക് ശൂറ കൗൺസിലിന്റെ അംഗീകാരം. നേരത്തേ പാർലമെന്റ് അംഗീകരിച്ച നിർദേശം പിന്നീട് ശൂറ കൗൺസിലിന്റെ തുടർഅനുമതികൾക്കായി നൽകിയിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന ശൂറ കൗൺസിൽ യോഗത്തിൽ നിർദേശം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

കൗൺസിൽ യോഗത്തിൽ നിയമകാര്യ മന്ത്രി, ആക്ടിങ് ലേബർ മന്ത്രി, ആക്ടിങ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ചെയർമാൻ യൂസഫ് ഖലാഫ് എന്നിവർ സന്നിഹിതരായിരുന്നു.

പുതിയ ഭേദഗതി പ്രകാരം, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച പ്രവാസി തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് പിഴയിൽ ഇളവ് ലഭിക്കും. മാത്രമല്ല ജയിൽ ശിക്ഷ ഒഴിവാക്കുകയും ചെയ്യും. കാലാവധി കഴിഞ്ഞ വർക്ക് പെർമിറ്റോ മറ്റ് കമ്പനികളുടെ പെർമിറ്റോ ഉള്ള തൊഴിലാളികളെ നിയമിക്കുന്ന കമ്പനികൾക്ക് 1,000 ദിനാറാണ് നിലവിൽ പിഴ. ഇത് 500 ദിനാറായി കുറയ്ക്കും.

ലംഘനം ആവർത്തിച്ചാൽ അത് ഇരട്ടിയാക്കും. അറിയിപ്പ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ കമ്പനി, ലംഘനം തീർപ്പാക്കുകയാണെങ്കിൽ ഈ കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കും. വിസ കാലാവധി കഴിഞ്ഞ തൊഴിലാളികളിൽനിന്ന് ഈടാക്കുന്ന പിഴയിലും കുറവ് വരുത്തി. നേരത്തെ, വർക്ക് പെർമിറ്റ് പുതുക്കുന്നതിൽ പരാജയപ്പെട്ടാൽ ആദ്യ ദിവസം മുതൽ 1,000 ദിനാറായിരുന്നു പിഴ.

പുതിയ ഭേദഗതി പ്രകാരം വർക്ക് പെർമിറ്റ് കാലഹരണപ്പെട്ട് 10 ദിവസത്തിനുള്ളിൽ ലംഘനം കണ്ടെത്തിയാൽ 100 ദിനാറായിരിക്കും പിഴ. പെർമിറ്റ് കാലഹരണപ്പെട്ട് 10-നും 20-നും ഇടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 200 ആകും. പെർമിറ്റ് കാലഹരണപ്പെട്ട് 20-നും 30-നും ഇടയിൽ ലംഘനം കണ്ടെത്തിയാൽ പിഴ 300 ദിനാർ. കുറ്റം ആവർത്തിച്ചാൽ പിഴ 1,000 ആകും. പിഴയടച്ച് ലംഘനങ്ങൾ ക്രമവത്കരിക്കാൻ പുതിയ നിയമം അനുവദിക്കുന്നു. അറിയിപ്പ് ലഭിച്ച് 14 പ്രവൃത്തി ദിവസത്തിനുള്ളിൽ നിശ്ചിത തുക അടച്ച് ലംഘനങ്ങൾ പരിഹരിക്കാം. സെറ്റിൽമെന്റ് തുക പൂർണമായി അടച്ചാൽ ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കുമെന്നും നിയമം വ്യക്തമാക്കുന്നു.

article-image

gdg

You might also like

Most Viewed