ഗോതമ്പ്, മൈദ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് ബഹ്റൈൻ പാർലമെന്‍റ്
മനാമ: രാജ്യത്തെ പ്രധാന ഭക്ഷണ പദാർഥങ്ങളായ ഗോതമ്പ്, മൈദ ഉൽപന്നങ്ങളുടെ വില വർധിപ്പിക്കില്ലെന്ന് പാർലമെന്‍റ്. ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി ചെയർമാൻ ബാസം അൽ സാഇ നടത്തിയ ഗോതമ്പിനും മൈദക്കും വിലവർധിപ്പിക്കണമെന്ന പ്രസ്താവനക്ക് മറുപടിയായാണ് പാർലമെന്‍റ് നയം വ്യക്തമാക്കിയത്.
ഇത്തരത്തിലുള്ള വിലവർധന ജനങ്ങളെ നേരിട്ട് ബാധിക്കുമെന്ന് പാർലമെന്‍റ് സ്പീക്കർ അഹ്മദ് അൽ മുസല്ലം പറഞ്ഞു. പൗരന്മാരുടെ താൽപര്യങ്ങളിൽ വിട്ടുവീഴ്ചക്കൊരുങ്ങരുതെന്ന് സർക്കാർ പ്രതിനിധികളും കമ്പനി ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ അദ്ദേഹം വ്യക്തമാക്കി. പുതിയ ഫാക്ടറി സ്ഥാപിക്കുന്നത് കമ്പനി ലാഭത്തിലാണെന്നതിന് തെളിവാണ്. ആ പണം ഈടാക്കാനാവും വിലവർധനവിനായുള്ള ചെയർമാന്‍റെ ആവശ്യമെന്നും സ്പീക്കർ ആശങ്ക പ്രകടിപ്പിച്ചു. കമ്പനിയുടെ ആവശ്യം നിരസിക്കണമെന്നും ബദൽ മാർഗം കാണണമെന്നും സ്പീക്കർ സർക്കാറിനോട് അഭ്യർഥിച്ചു.
അവശ്യ വസ്തുക്കളുടെ വിലയിൽ സ്ഥിരത നിർത്തണമെന്നും അനാവശ്യ സാമ്പത്തിക സമ്മർദം ജനങ്ങളിലുണ്ടാക്കരുതെന്നും അറിയിച്ച പാർലമെന്‍റ് അതിനുള്ള നീക്കങ്ങളെ എതിർക്കുകയും ചെയ്തു.
sdsad