എസ്എൻസിഎസ് ഭാരതീയം - ഇൻക്രെഡിബിൾ ഇന്ത്യ ക്വിസ് മത്സരം ശ്രദ്ധേയമായി
മനാമ:
ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ എഴുപ്പത്തിയാറാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം - ഇൻക്രെഡിബിൾ ഇന്ത്യ എന്ന ശീർഷകത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. 18 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുത്ത അഞ്ചു ടീമുകൾ പങ്കെടുത്ത മത്സരത്തെ നിയന്ത്രിച്ചത് പ്രമുഖ ക്വിസ് മാസ്റ്ററായ ബോണി ജോസഫും സുരേഷ് പി പി യുമാണ്. മുഖ്യ അവതാരക ആതിര ഗോപകുമാർ ആയിരുന്നു.
ഏഴു വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തിൽ ജോസി തോമസും മരിയം ജോർജും ചേർന്ന് നയിച്ച പാലാ ടീം വിജയികളായി.
ജിജോ ജോർജും അഭിമന്യു മനുവും നയിച്ച പ്രതിഭ ബി ടീം രണ്ടാം സ്ഥാനവും ഷാജി കെ സി യും ശ്രീദേവ് മാണിക്കോത്തും നയിച്ച പ്രതിഭ എ ടീം മൂന്നാം സ്ഥാനവും കരസ്തമാക്കി.
വിശ്വനാഥ് ഭാസ്കരന്റെ മേൽനോട്ടത്തിൽ നടന്ന മത്സരത്തിന് എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ജയചന്ദ്രൻ യൂ നന്ദി രേഖപ്പെടുത്തി. ചടങ്ങിൽ നാലാം സ്ഥാനം ലഭിച്ച ശ്രീജ ബോബിയും പ്രണവ് ബോബിയും നയിച്ച കോട്ടയം ടീം, അഞ്ചാം സ്ഥാനം ലഭിച്ച സജിത സതീഷ് അനുവിന്ദ് സതീഷ് എന്നിവർ നയിച്ച വിക്ടറി ടീം, പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത ടീമുകൾ എന്നിവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.