ഓട്ടോമാറ്റിക് ജൻമാവകാശ പൗരത്വം അവസാനിപ്പിച്ചുകൊണ്ടള്ള ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ച് യുഎസ് ജഡ്ജി
വാഷിങ്ടൺ: ജനുവരി 20ന് യു.എസ് പ്രസിഡന്റായി അധികാരമേറ്റയുടൻ നിരവധി എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ഡോണൾഡ് ട്രംപ് ഒപ്പുവെച്ചത്. യു.എസിലെ ഓട്ടോമാറ്റിക് ജൻമാവകാശ പൗരത്വം അവസാനിപ്പിക്കുകയാണ് എന്നതായിരുന്നു ഉത്തരവുകളിൽ ഒന്ന്. ഇന്ത്യയിൽ നിന്നടക്കമുള്ള നിരവധി ദമ്പതികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിരുന്നു അത്.
ഒരുപാട് കാലമായി യു.എസിൽ സ്ഥിരതാമസവും സ്വപ്നം കണ്ട് ജോലിചെയ്യുന്നവരാണവർ. അതിനിടെ ഭരണഘടന വിരുദ്ധമായ ഉത്തരവെന്ന് ചൂണ്ടിക്കാട്ടി ട്രംപിന്റെ ഉത്തരവ് മരവിപ്പിച്ചിരിക്കുകയാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ജോൺ കഫ്നവർ. എന്നാൽ വിധിക്കെതിരെ അപ്പീൽ നൽകാനിരിക്കുകയാണ് ട്രംപ്.
യു.എസിൽ ജനിക്കുന്ന ഏതൊരാൾക്കും സ്വാഭാവികമായി ലഭിക്കുന്ന പൗരത്വമാണ് ഓട്ടോമാറ്റിക് ജൻമാവകാശ പൗരത്വം. അവർക്ക് യു.എസിലെ മറ്റ് പൗരൻമാരെ പോലെ ജീവിക്കാൻ അവകാശം നൽകുന്നത് ഭരണഘടനയിലെ 14ആം ഭേദഗതിയാണ്. അതായത് യു.എസിൽ ആര് ജനിച്ചാലും അവർക്ക് സ്വാഭാവിക പൗരത്വം ലഭിക്കും എന്നർഥം.
കുഞ്ഞുങ്ങൾക്ക് 21 വയസാകുന്നതോടെ അവരുടെ മാതാപിതാക്കൾക്കും പൗരത്വം കിട്ടും. എന്നാൽ ഇത് എടുത്തുകളയുകയാണ് ട്രംപിന്റെ ലക്ഷ്യം. മതിയായ രേഖകളില്ലാതെ യു.എസിലെത്തി കുഞ്ഞുങ്ങൾക്ക് ജൻമം നൽകുന്നവരെയാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇങ്ങനെ നിയമവിരുദ്ധമായി യു.എസിലെത്തുന്ന സ്ത്രീ ജൻമം നൽകുന്ന കുഞ്ഞിന് പൗരത്വത്തിന് അർഹതയുണ്ടായിരിക്കില്ല എന്നാണ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അർഥമാക്കുന്നത്.
ഫെബ്രുവരി 19 ഓടെ യു.എസിലെ സ്വാഭാവിക ജൻമാവകാശ പൗരത്വം റദ്ദാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഉത്തരവ് നടപ്പായാൽ പ്രതിവർഷം യു.എസിൽ ജനിക്കുന്ന ഒന്നരലക്ഷത്തിലേറെ കുഞ്ഞുങ്ങൾക്ക് യു.എസ് പൗരത്വം നഷ്ടമാകും. യു.എസിൽ സ്ഥിരതാമസം ലഭിക്കാനുള്ള ഉപാധിയായാണ് കുഞ്ഞുങ്ങളുടെ ജൻമാവകാശ പൗരത്വത്തെ ഇന്ത്യൻ ദമ്പതികൾ കാണുന്നത്. ഭാവിതലമുറക്ക് മികച്ച വിദ്യാഭ്യാസം, ജോലി, ചികിത്സ എന്നിവ മുന്നിൽ കണ്ടാണ് പലരും യു.എസിലേക്ക് വിമാനം കയറുന്നത്.
േ്ിേ്ി