എമിറേറ്റിലെ കെട്ടിടങ്ങള്‍ക്ക് ‘ഹിമായ’ സാക്ഷ്യപത്രം നിർബന്ധം
റാസല്‍ഖൈമ: എമിറേറ്റിലെ കെട്ടിട ഉടമകള്‍ അംഗീകൃത സി.സി.ടി.വി കോണ്‍ട്രാക്ടറെ സമീപിച്ച് കെട്ടിടങ്ങള്‍ക്ക് ‘ഹിമായ’ സാക്ഷ്യപത്രം നേടണമെന്ന് റാക് പൊലീസ് ആവശ്യപ്പെട്ടു. 2015ലെ സെക്യൂരിറ്റി ഓഫ് ഇന്‍സ്റ്റലേഷന്‍ ആക്ട് ഉത്തരവ് നമ്പര്‍ മൂന്ന് പ്രകാരം കെട്ടിടങ്ങളുടെയും അവയിലെ താമസക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാമറകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളും സ്ഥാപിച്ച് സാക്ഷ്യപത്രം നേടണമെന്നാണ് നിയമം.
ഇങ്ങനെ ലഭിക്കുന്ന സാക്ഷ്യപത്രം എല്ലാവര്‍ഷവും പുതുക്കുകയും ചെയ്യേണ്ടതുണ്ട്. പൊതുജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന നിയമലംഘനങ്ങളും കൈയേറ്റങ്ങളും നിരീക്ഷിക്കുന്നതിനുള്ള നിയമം യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ഉത്തരവിലൂടെയാണ് പ്രാബല്യത്തില്‍ വന്നത്.
ഫെബ്രുവരി ഒന്നിന് മുമ്പ് എല്ലാ കെട്ടിട ഉടമകളും ഹിമായ സാക്ഷ്യപത്രം നേടിയിരിക്കണം. നിയമം ലംഘിക്കുന്നവര്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. https://gra.rak.ae/hemaya വെബ് സൈറ്റില്‍ റാസല്‍ഖൈമയിലെ അംഗീകൃത ഹിമായ സ്ഥാപനങ്ങളുടെ വിവരം ലഭ്യമാണെന്നും അധികൃതര്‍ അറിയിച്ചു.
റാസല്‍ഖൈമയില്‍ തന്ത്രപ്രധാന സ്ഥലങ്ങളിലും ബിസിനസ് സ്ഥാപനങ്ങളിലും 2015ലെ നിയമപ്രകാരം സി.സി.ടി.വി സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാല്‍ താമസ കെട്ടിടങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല.
sdff