75ാം വാർഷികം ആഘോഷിക്കാനൊരുങ്ങി ഇന്ത്യൻ സ്‌കൂൾ
ഇന്ത്യൻ സ്കൂൾ ഈ വർഷം എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹിക പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികൾ നടക്കുമെന്ന് സ്‌കൂൾ അധികൃതർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ഈ മാസം 23ന് സ്കൂളിന്റെ ഇസ ടൗൺ കാമ്പസിൽ നടക്കും. ചടങ്ങിൽ പ്ലാറ്റിനം ജൂബിലി ലോഗോ അനാച്ഛാദനം ചെയ്യും.
വർഷം മുഴുവനും വൈവിധ്യമാർന്ന മത്സരങ്ങൾ, ശിൽപശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ആലേഖ് പെയിന്റിങ് മത്സരമായിരിക്കും. ഇത് ഇസ ടൗൺ കാമ്പസിൽ നടക്കും. ഗൾഫിലുടനീളമുള്ള 75 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കും. പോസ്റ്റർ ഡിസൈൻ, സർഗാത്മക എഴുത്ത് മത്സരങ്ങൾ എന്നിവയുൾപ്പെടെ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പുകൾ, വിദ്യാഭ്യാസമേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ കോൺക്ലേവ് , ക്വിസ് മത്സരങ്ങൾ, കമ്യൂണിറ്റി സ്പോർട്സ് ഇവന്റുകൾ എന്നിവയാണ് മറ്റു പരിപാടികൾ. 75 ഭാഷകളിൽനിന്നുള്ള ഒരു പുസ്തക പ്രദർശനവും സാഹിത്യോത്സവവും ആസൂത്രണം ചെയ്തിട്ടുണ്ട്. നാഷനൽ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർഥികൾ അവതരിപ്പിക്കും. മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജന്റെ നേതൃത്വത്തിലുള്ള പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയും വ്യവസായ പ്രമുഖനും കമ്യൂണിറ്റി നേതാവുമായ മുഹമ്മദ് ഹുസൈൻ മാലിമിന്റെ നേതൃത്വത്തിലുള്ള രക്ഷാധികാരി സമിതിയും സ്‌കൂളിന്റെ വാർഷിക ആഘോഷങ്ങളുടെ വിജയതിനായി പ്രവർത്തിക്കും. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സംഘാടക സമിതി കൺവീനർ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാൻ ഡോ. മുഹമ്മദ് ഫൈസൽ, നിർവാഹകസമിതി അംഗങ്ങളായ രഞ്ജിനി മോഹൻ, ബോണി ജോസഫ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
FAWEAFSWADES