സന്ദർശകവിസകൾ തൊഴിൽ വിസയായി മാറ്റുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന കരട് നിയമം ബഹ്‌റൈൻ പാർലമെന്റ് ചർച്ച ചെയ്യും
സന്ദർശകവിസകൾ തൊഴിൽ വിസയായി മാറ്റുന്നത് തടയാനുദ്ദേശിച്ച് കൊണ്ടുവന്ന കരട് നിയമം ചൊവ്വാഴ്ച ബഹ്‌റൈൻ പാർലമെന്റ് ചർച്ച ചെയ്യും. കരട് നിയമത്തിന് അംഗീകാരം ലഭിച്ചാൽ, 1965ലെ ഇമിഗ്രേഷൻ ആൻഡ് റെസിഡൻസ് ആക്ടിൽ മാറ്റം വരും. ഒരു കാരണവശാലും ഒരു വിദേശിയുടെ വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നത് അനുവദനീയമല്ല എന്നതാണ് ഭേദഗതി നിർദേശം.
നിലവിൽ, വിസിറ്റ് വിസകൾ തൊഴിൽ വിസയായി മാറ്റുന്നതിന് നിയന്ത്രണമുണ്ട്. സ്പോൺസറുടെ പേരിലെടുത്ത വിസിറ്റ് വിസ, അതേ സ്പോൺസറുടെ പേരിൽ തൊഴിൽ വിസയാക്കാനേ ഇപ്പോൾ നിയമം അനുവദിക്കുന്നുള്ളൂ.
11 മാസം മുമ്പാണ് ഇതു പ്രാബല്യത്തിൽ വന്നത്. ഈ നിയമമനുസരിച്ച് സ്പോൺസറുടെ പേരിലെടുത്ത വിസിറ്റ് വിസ, അതേ സ്പോൺസറുടെ പേരിൽ തൊഴിൽ വിസയാക്കാൻ 250 ദീനാർ ഫീസ് അടക്കണം. മുമ്പ് സന്ദർശന വിസ തൊഴിൽ വിസയാക്കുന്നതിന് 60 ദീനാറായിരുന്നു ഫീസ്.
ഈ നിയന്ത്രണം നിലവിൽ വന്നതിനുശേഷം വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിൽ 87 ശതമാനം കുറവു വന്നിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ‍്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ, പൂർണമായി വിസിറ്റ് വിസ തൊഴിൽ വിസയാക്കി മാറ്റുന്നതിന് നിരോധനമേർപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് ചില എംപിമാർ വാദിക്കുന്നത്.
വിസ പരിവർത്തനങ്ങൾക്കുള്ള സമ്പൂർണ നിരോധനം പൗരന്മാരെ പ്രതികൂലമായി ബാധിക്കുമെന്നും ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ഇത് സങ്കീർണമാക്കുമെന്നും അവർ പറയുന്നു. ടൂറിസത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ടൂറിസം മന്ത്രാലയവും സമ്പൂർണ നിരോധനത്തെ എതിർക്കുന്നുണ്ട്.
sdfsf