സ്കൂളുകളിൽ വിദ്യാർഥി-അധ്യാപക അനുപാതം 16:1 എന്ന് വിദ്യാഭ്യാസ മന്ത്രി
ഈ അധ്യയന വർഷം സർക്കാർ സ്കൂളുകളിലെ വിദ്യാർഥി-അധ്യാപക അനുപാതം 16:1 ആണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ജുമ. സ്വകാര്യ സ്കൂളുകളിലിത് 30:1 ആണ്. പൊതു സ്കൂളുകളിലെ അനുപാതത്തേക്കാൾ ഏകദേശം 50 ശതമാനം വർധനവാണ് സ്വകാര്യ സ്കൂളുകളിൽ അനുവദിച്ചിരിക്കുന്നതെന്നും ശൂറ കൗൺസിൽ അംഗം ഡോ. ഫാത്തിമ അബ്ദുൽ ജബ്ബാർ അൽ കൂഹേജിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി പാർലമെന്റിൽ പറഞ്ഞു.പ്രൈമറി സ്‌കൂളുകളിൽ ഓരോ അധ്യാപകനും 14 വിദ്യാർഥികൾ എന്ന ലക്ഷ്യത്തോടെ വിദ്യാർഥി-അധ്യാപക അനുപാതം കൂടുതൽ മെച്ചപ്പെടുത്താനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
സ്കൂളിന്റെ വലുപ്പം, വിദ്യാർഥികളുടെ എണ്ണം, വിദ്യാഭ്യാസ ഘട്ടം എന്നിവ പരിഗണിച്ച് അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫുകളുടെ എണ്ണവും വർധിപ്പിക്കും. ഓരോ 250 വിദ്യാർഥികൾക്കും ഒരു സോഷ്യൽ സൂപ്പർവൈസർ എന്ന നിലയിൽ നിയമനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി സ്കൂൾ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കൊണ്ടുവരും. ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടുമായി യോജിപ്പിച്ച് വിദ്യാർഥികളുടെ കഴിവുകളും വർധിപ്പിക്കുന്നതിനായി എ.ഐ സാങ്കേതികവിദ്യകൾ പാഠങ്ങളിൽ ഉൾപ്പെടുത്തും. ഒന്നാം ഗ്രേഡ് മുതൽ പ്രോഗ്രാമിങ്, വിവര സാങ്കേതിക വിദ്യ, ആശയവിനിമയം, ശാസ്ത്രം, ഗണിതം, ഡിസൈൻ, ടെക്നോളജി, അറബിക്, ഇംഗ്ലീഷ്, സോഷ്യൽ സ്റ്റഡീസ്, ഇസ്‍ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളെല്ലാം എ.ഐയുമായി സംയോജിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
assads