ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈനിലെ വിവിധ സംഘടനകൾ
ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബഹ്റൈനിലെ വിവിധ സംഘടനകൾ. ലോകം സാമ്പത്തിക മാന്ദ്യത്തിൽപ്പെട്ട് തകർന്നപ്പോൾ അതിൽനിന്ന് ഇന്ത്യയെ കരകയറ്റിയ നേതാവായിരുന്നു മൻമോഹൻ സിങ് എന്ന് ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം പറഞ്ഞു.
എക്കാലവും ലോകം അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ, ലോകത്തിന്റെ നെറുകയിൽ ഇന്ത്യയെ എത്തിക്കാൻ നേതൃത്വം നൽകിയ നേതാവ് എന്നീ നിലകളിൽ എക്കാലവും അദ്ദേഹം അറിയപ്പെടുമെന്ന് ബിനു കുന്നന്താനം അനുസ്മരിച്ചു.
കാര്യങ്ങള്‍ നടത്തുന്നതിലുള്ള ശുഷ്‌കാന്തിയും അക്കാദമിക് സമീപനവും കൊണ്ട് വ്യത്യസ്തനാകുന്ന അദ്ദേഹം സ്വഭാവത്തിലും എളിമ പുലര്‍ത്തുന്ന വ്യക്തിത്വത്തിനുടമയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ മതേതര ജനാതിപത്യ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ അദ്ദേഹത്തിന്റെ വിയോഗം പാർട്ടിക്കും രാജ്യത്തിനും ജനങ്ങൾക്കും കുടുംബത്തിനുമുണ്ടാക്കിയ ദുഃഖത്തിൽ കെ.എം.സി.സി ബഹ്റൈനും പങ്കുകൊള്ളുന്നതായി പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര എന്നിവർ അറിയിച്ചു.
മഹാത്മാഗാന്ധിക്കുശേഷം ഗ്രാമീണ ഇന്ത്യയുടെ വികസനത്തിന് ഏറ്റവും വലിയ നേതൃത്വം നൽകിയ നേതാവ് ആയിരുന്നു മൻമോഹൻ സിങ് എന്ന് ബഹ്‌റൈൻ ഒ.ഐ.സി.സി ദേശീയ കമ്മിറ്റി അനുസ്മരിച്ചു. രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഏൽപിച്ച ഉത്തരവാദിത്തം ഏറ്റെടുക്കുകയും, രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ തരണം ചെയ്യാനും അദ്ദേഹത്തിന് സാധിച്ചുവെന്നും ഒ.ഐ.സി.സി ദേശീയ കമ്മിറ്റി നേതാക്കൾ പറഞ്ഞു.
sdfdsf