ബി.കെ.എസ് സംഗീതരത്ന പുരസ്കാരം പ്രമുഖ സംഗീത സംവിധായകൻ ജെറി അമൽദേവിന്
ബഹ്റൈൻ കേരളീയ സമാജം ഏർപ്പെടുത്തിയ ബി.കെ.എസ് സംഗീതരത്ന പുരസ്കാരം പ്രമുഖ സംഗീത സംവിധായകൻ ജെറി അമൽദേവിന് സമ്മാനിക്കും. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കഴിഞ്ഞ നാൽപത് വർഷമായി സംഗീത ശാഖക്ക് നൽകിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് പുരസ്കാരം നൽകുന്നത്.
ഈ മാസം 26ന് ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് പുരസ്കാരം സമർപ്പിക്കുമെന്നും ആഘോഷങ്ങളുടെ ഭാഗമായി ജെറി അമൽദേവ് അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ സിംഫണി അരങ്ങേറുമെന്നും സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സമാജം മ്യൂസിക് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓഡിഷനിൽനിന്നും തെരഞ്ഞെടുത്ത 50 ഗായകരാണ് 26നു രാത്രി എട്ടിനു സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കുന്ന സിംഫണിയിൽ പങ്കെടുക്കുന്നത്. വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ, കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം, ക്രിസ്മസ് ആഘോഷ കമ്മിറ്റി കൺവീനർ ബിൻസി റോയ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 26നു വൈകീട്ട് 6.30ന് ക്രിസ്മസ് കേക്ക് മത്സരവും ഏഴിന് ക്രിസ്മസ് ട്രീ മത്സരവും തുടർന്ന് നാടൻ കരോളും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 3392 9920 അല്ലെങ്കിൽ 3913 0301 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
്ന്േു