ഇന്ത്യൻ സ്കൂൾ ഫെയർ നാളെ മുതൽ; അവസാനവട്ട ഒരുക്കങ്ങൾ സജീവം
മനാമ
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന ഇന്ത്യൻ സ്കൂൾ ബഹ്റൈൻ വാർഷിക സാംസ്കാരിക പരിപാടികൾ ഇസാടൗണിലെ സ്കൂൾ അങ്കണത്തിൽ നാളെ ആരംഭിക്കും. വിദ്യാർത്ഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനും ഇന്ത്യയിൽ നിന്നുള്ള കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിക്കാനും അവസരം നൽകുക എന്നതാണ് മേളയുടെ പ്രധാന ലക്ഷ്യം. മേളയുടെ വിജയം ഉറപ്പാക്കാൻ 501 അംഗങ്ങളെ ഉൾപ്പെടുത്തി വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.രക്ഷിതാക്കൾ, അധ്യാപകർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ ഉൾപ്പെടുന്ന സംഘാടകസമിതി ജനറൽ കൺവീനർ വിപിൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
നാളെ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിൽ നടക്കുന്ന ഗാനമേളയും, മറ്റന്നാൾ ട്വിങ്കിൾ ദിപൻകർ നയിക്കുന്ന സംഗീതനിശയും അരങ്ങേറും. വൈകീട്ട് 6 മണി മുതൽ രാത്രി 11 മണിവരെയാണ് പരിപാടികൾ അരങ്ങേറുന്നത്. ഫുഡ് സ്റ്റാളുകളും കമ്മേർഷ്യൽ സ്റ്റാളുകളും, ഗെയിം സ്റ്റാളുകളും ഫെയറിനോടനുബന്ധിച്ച് ഉണ്ടാകും. ഔട്ട്ഡോർ കാറ്ററിംഗ് ലൈസൻസുള്ള ഭക്ഷണ സ്റ്റാളുകൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങൾ സ്കൂൾ മേളയിൽ ഒരുക്കും.
രണ്ട് ദിനാറാണ് പ്രവേശന നിരക്ക്. സ്കൂളിനടുത്തുള്ള നാഷണൽ സ്റ്റേഡിയത്തിൽ പാർക്കിങ്ങിനായുള്ള സൗകര്യമുണ്ടാകും. ഇവിടെ നിന്ന് സ്കൂളിലേയ്ക്ക് ഷട്ടിൽ ബസ് സെർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,900-ലധികം വിദ്യാർത്ഥികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇവിടെയുള്ള വിദ്യാർത്ഥികളെയും ജീവനക്കാരെയും പിന്തുണയ്ക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനും വേണ്ടിയാണ് സ്കൂൾ മേള സംഘടിപ്പിച്ചിരിക്കുന്നത്. ജഷൻമാൾ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കായി വിവിധ വിനോദ പരിപാടികളും ഗെയിം സ്റ്റാളുകളും ഉണ്ടായിരിക്കും. മേളയും അതിന്റെ പരിസരവും സിസിടിവി നിരീക്ഷണത്തിലും സുരക്ഷാ പരിരക്ഷയിലും ആയിരിക്കുമെന്നും രണ്ട് ഗ്രൗണ്ടുകളിലും സന്ദർശകർക്ക് പരിപാടി കാണാൻ വലിയ എൽഇഡി ഡിസ്പ്ലേകൾ ഉണ്ടായിരിക്കുമെന്നും സ്കൂൾ അധികൃതർ അറിയിച്ചു. ഇന്ത്യൻ സ്കൂളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ മഹത്തായ ലക്ഷ്യത്തിനായി ഏവരുടെയും പിന്തുണയും സഹകരണവും ഉണ്ടാവണമെന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് അഭ്യർത്ഥിച്ചു. സ്റ്റാർ വിഷൻ ഈവന്റ്സിന്റെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
eswrerersw