സെലിബ്രേറ്റ് ബഹ്‌റൈൻ ഫെസ്റ്റിവൽ നാലാം പതിപ്പിന് ഹെറിറ്റേജ് വില്ലേജിൽ തുടക്കമായി
മനാമ: സെലിബ്രേറ്റ് ബഹ്‌റൈൻ ഫെസ്റ്റിവൽ നാലാം പതിപ്പിന് ഹെറിറ്റേജ് വില്ലേജിൽ തുടക്കമായി. ജനുവരി നാലുവരെയാണ് സെലിബ്രേറ്റ് ബഹ്‌റൈൻ ഫെസ്റ്റിവൽ. പരിപാടിയുടെ ലോഞ്ചിങ് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി നടത്തി.
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെയും ഹമദ് രാജാവിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെയും ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ അവസരത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.
എല്ലാ പ്രായക്കാർക്കുംവേണ്ടിയുള്ള പരിപാടികൾ ഫെസ്റ്റിവലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ നടക്കും. ബഹ്‌റൈനിന്റെ പൈതൃകവും സംസ്‌കാരവും ആഘോഷിക്കുന്ന കലാപരിപാടികൾ അവതരിപ്പിക്കും.
ബഹ്‌റൈൻ കരകൗശല വിദഗ്ധരുടെ ലൈവ് ഹെറിറ്റേജ് ഡിസ്‌പ്ലേകൾ, പ്രാദേശിക വിപണി, പ്രദർശനങ്ങൾ എന്നിവയും ഫെസ്റ്റിവലിൽ ഉൾപ്പെടും. അദ്ദേഹം പറഞ്ഞു.
പ്രാദേശിക പൈതൃകത്തിന്‍റെ സമ്പന്നത പ്രതിഫലിപ്പിക്കുന്ന കരകൗശലവും പരമ്പരാഗതവുമായ സാധനങ്ങൾ പ്രദർശിപ്പിക്കുന്നു.
വിവിധ സംരംഭങ്ങളിലൂടെ ബഹ്റൈന്‍റെ സാംസ്കാരികവും നാഗരികവുമായ പൈതൃകം പ്രകടമാക്കുന്നതായിരിക്കും ഈ വർഷത്തെ ഫെസ്റ്റിവൽ. ഈ വർഷം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ ഗണ്യമായ പങ്കാളിത്തം മന്ത്രി ചൂണ്ടിക്കാട്ടി.
കുടുംബങ്ങൾക്കായുള്ള വിനോദ പരിപാടികളും ഫെസ്റ്റിവലിൽ ഉണ്ടായിരിക്കും. ഫെസ്റ്റിവലിൽ സജീവമായി പങ്കെടുക്കാൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നോയ്മി പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും ക്ഷണിച്ചു.
ഹെറിറ്റേജ് വില്ലേജിൽ എല്ലാദിവസവും വൈകീട്ട് നാലു മുതൽ 11വരെയാണ് ഫെസ്റ്റിവൽ. വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും അർധരാത്രി വരെ സമയം നീട്ടും. ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന് സഹകരിച്ച എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്കും പൗരസമൂഹ സംഘടനകൾക്കും നന്ദി പറഞ്ഞുകൊണ്ട് മന്ത്രി സമാപിച്ചു.
നാലാം പതിപ്പിന്റെ സ്പോൺസർമാരായ ബരീഖ് അൽ റിതാജ്, അൽ സലാം ബാങ്ക്, ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (GPIC), സെബാർകോ, ബഹ്‌റൈൻ ഇസ്‍ലാമിക് ബാങ്ക് എന്നിവരെയും അദ്ദേഹം അഭിനന്ദിച്ചു.
sdfgg
asfsd