ബഹ്റൈൻ എയർപോർട്ടിലെ ചെക്ക് ഇൻ നടപടിക്രമങ്ങളിൽ മാറ്റം
ബഹ്റൈൻ എയർപോർട്ടിലെ ചെക്ക് ഇൻ നടപടിക്രമങ്ങളിൽ അധികൃതർ മാറ്റം വരുത്തി. ഇതുവരെ വിമാനക്കമ്പനിയുടെ കൗണ്ടറിൽ നിന്ന് ബോർഡിങ് പാസ് വാങ്ങിയ ശേഷമായിരുന്നു ഇമിഗ്രേഷൻ കൗണ്ടറിലെത്തേണ്ടത്. എന്നാൽ, കഴിഞ്ഞ ദിവസം മുതൽ വിമാനക്കമ്പനിയുടെ ചെക്ക് ഇൻ കൗണ്ടറിൽ പാസ്പോർട്ട് നൽകുമ്പോൾ തന്നെ യാത്രാവിലക്ക് അടക്കമുള്ള പ്രശ്നങ്ങൾ അറിയാൻ സാധിക്കും.
ചെറിയ പിഴയാണെങ്കിൽ തൊട്ടടുത്തുള്ള ഇമിഗ്രേഷൻ കൗണ്ടറിൽ പോയി അത് അടച്ചശേഷം വീണ്ടും വിമാനക്കമ്പനിയുടെ കൗണ്ടറിലെത്തി ബോർഡിങ് പാസ് വാങ്ങാവുന്നതാണ്. എന്നാൽ ഇതിന് സമയം എടുക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രശ്നങ്ങൾ നേരിടുന്നവർ നേരത്തെ എയർപ്പോർട്ടിൽ എത്തുന്നതാണ് നല്ലതെന്ന് സാമൂഹ്യപ്രവർത്തകർ അറിയിച്ചു. പുതിയ നിർദേശപ്രകാരം ഇലക്ട്രിസിറ്റി, ഫോൺ, മറ്റ് സർക്കാർ ഫീസുകൾ അടക്കം യൂട്ടിലിറ്റി ബില്ലുകൾ, കുടിശ്ശികയുണ്ടെങ്കിൽ എയർപോർട്ടിൽ തടഞ്ഞുവെക്കപ്പെട്ടേക്കാം.