ടൂറിസം സീസണിന് ആവേശകരമായ തുടക്കം; ബഹ്റൈൻ തീരത്ത് ആദ്യ ക്രൂസ് കപ്പലെത്തി
ശീതകാല സീസണിന് തുടക്കം കുറിച്ച് ബഹ്റൈൻ തീരത്ത് ഇത്തവണത്തെ ആദ്യത്തെ ക്രൂസ് കപ്പൽ നങ്കൂരമിട്ടു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പാരിസ്ഥിതിക വികസിത ക്രൂസ് കപ്പലുകളിലൊന്നായ എം.എസ്.സി യൂറിബിയയാണ് ഖലീഫ ബിൻ സൽമാൻ തുറമുഖത്ത് എത്തിയത്. വാട്ടർ സല്യൂട്ട് നൽകിയാണ് ബഹ്റൈൻ കപ്പലിനെ സ്വീകരിച്ചത്. 2023ൽ നിർമിച്ച ഈ കപ്പലിന് ഏകദേശം 320 ദശലക്ഷം ദീനാർ നിർമാണ ചെലവ് കണക്കാക്കുന്നു. 6300ലധികം വിനോദസഞ്ചാരികൾക്കും 1700ലധികം ജോലിക്കാർക്കും താമസിക്കാൻ കഴിയുന്ന ഏകദേശം 2419 കാബിനുകൾ കപ്പലിലുണ്ട്. ലക്ഷ്വറി ബ്രാൻഡ് ഷോപ്പിങ്, പൂളുകൾ, സ്പാ, വെൽനസ് സെന്റർ, കുട്ടികൾക്കും മുതിർന്നവർക്കുമായി എന്‍റർടൈൻമെന്റ് ഏരിയ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
ആഗോള ക്രൂസ് ടൂറിസത്തിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ ബഹ്റൈൻ മാറികഴിഞ്ഞതായും വരും ദിവസങ്ങളിൽ ഇനിയും നിരവധി ക്രൂസ് കപ്പലുകൾ ബഹ്റൈൻ തീരത്തേക്ക് എത്തുമെന്നും അധികൃതർ അറിയിച്ചു. യൂറോപ്പിലെയും അമേരിക്കയിലെയും കഠിനമായ ശൈത്യകാലത്ത് കൂടുതൽ ഊഷ്മളമായ കാലാവസ്ഥ ആസ്വദിക്കാനാണ് സഞ്ചാരികൾ ഈ സീസൺ ഉപയോഗപ്പെടുത്തുന്നത്.
dfsdffdhdfresdfrs