മസ്തിഷ്കാഘാതത്തെത്തുടർന്ന് ദുരിതത്തിലായ മലയാളിയെ പ്രവാസി ലീഗൽ സെൽ ഇടപെട്ട് നാട്ടിലെത്തിച്ചു.
മസ്തിഷ്കാഘാതത്തെത്തുടർന്ന് ഒരു വശം തളർന്ന് ദുരിതത്തിലായ മലയാളിയെ ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ ഇടപെട്ട് നാട്ടിലെത്തിച്ചു. കോഴിക്കോട് വടകര സ്വദേശിയായ അറുപത് വയസ് പ്രായമുള്ള ശശിധരൻ മേപ്പയിലിനെയാണ് നിയമപരമായ തടസ്സങ്ങളെല്ലാം നീക്കി നാട്ടിലെത്തിച്ചത്. ഏഴ് വർഷമായി അദ്ദേഹം കേസും യാത്രാവിലക്കുംമൂലം നാട്ടിൽ പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
മസ്തിഷ്കാഘാതത്തെത്തുടർന്ന് ഒരു കൈ തളർന്നുപോയ അദ്ദേഹത്തിന്റെ അവസ്ഥ ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്ത് അഡ്വ. താരിഖ് അലൗൺ മുഖാന്തരം ജഡ്ജിക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ശശിധരന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാൻ കോടതി അനുമതി നൽകിയത്. തുടർന്ന് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെയും ഇമിഗ്രേഷൻ അധികൃതരുടെയും പിന്തുണയോടെ യാത്രാനിരോധനം നീക്കുകയും എല്ലാ ഇമിഗ്രേഷൻ പിഴകളും അടക്കുകയും ചെയ്തു. സുധീർ തിരുനിലത്ത്, സജീഷ്, റോണി ഡൊമനിക്, സ്പന്ദന കിഷോർ എന്നിവർ വിമാനത്താവളത്തിലെത്തി ശശിധരനെ യാത്രയാക്കി.
aswdqwaswq