നാടക രചനക്കുള്ള ബഹ്റൈൻ പ്രതിഭയുടെ അന്തർദേശീയ അവാർഡ് പ്രഫ. ചന്ദ്രദാസന്
നാടക രചനക്കുള്ള ബഹ്റൈൻ പ്രതിഭയുടെ അന്തർദേശീയ അവാർഡ് പ്രഫ. ചന്ദ്രദാസന് ലഭിച്ചു. അദ്ദേഹം രചിച്ച ‘റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’ എന്ന നാടകമാണ് അവാർഡിന് അർഹമായതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ. സച്ചിദാനന്ദൻ അധ്യക്ഷനും ഡോ. സാംകുട്ടി പട്ടംകരി അംഗവുമായ ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25000 രൂപയും മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ലോകധർമി തിയറ്റര്‍ ഗ്രൂപ് ഡയറക്ടര്‍കൂടിയായ പ്രഫ. ചന്ദ്രദാസൻ നിരവധി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
39 എൻട്രികളിൽ അഞ്ചു നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2023ൽ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ മൗലിക രചനകളെയാണ് അവാർഡിനായി പരിഗണിച്ചത്. വാർത്തസമ്മേളനത്തിൽ പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ, നാടകവേദി കൺവീനർ എൻ.കെ. അശോകൻ, രക്ഷാധികാരി സമിതി അംഗം എൻ.കെ. വീര മണി, കേന്ദ്ര കമ്മിറ്റി അംഗം നിഷ സതീശ് എന്നിവർ പങ്കെടുത്തു.
fgsdrt