സോപാനം വാദ്യസംഗമം നവംബർ 22ന്


സോപാനം വാദ്യകലാ സംഘവും കോൺവെക്സ്‌ ഇവന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സോപാനം വാദ്യസംഗമം നവംബർ 22ന് ജുഫൈർ അൽ നജ്മ ക്ലബ്‌ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. വൈകീട്ട്‌ മൂന്നു മുതൽ നടക്കുന്ന പരിപാടിയിൽ നടൻ മനോജ്‌ കെ. ജയൻ, കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്‌ ജേതാവ്‌ ചെറുതാഴം കുഞ്ഞിരാമ മാരാർ, വീരശൃംഖല ജേതാവ് കാഞ്ഞിലശ്ശേരി പത്മനാഭൻ, സോപാന സംഗീതജ്ഞൻ അമ്പലപ്പുഴ വിജയകുമാർ, പുല്ലാങ്കുഴൽ വിദ്വാൻ രാജേഷ് ചേർത്തല എന്നിവരടക്കമുള്ള പ്രമുഖർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യവും സാംസ്കാരിക തനിമയും പ്രകടിപ്പിക്കുന്ന കലാരൂപങ്ങളുടെ അവതരണത്തോടെ ആരംഭിക്കുന്ന പരിപാടികളുടെ ഭാഗമായി മട്ടന്നൂർ ശ്രീകാന്ത്‌, മട്ടന്നൂർ ശ്രീരാജ്‌, ചിറക്കൽ നിധീഷ്‌ എന്നിവർ നയിക്കുന്ന തൃത്തായമ്പക അരങ്ങേറും. ആതുര സാമൂഹിക സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങൾ ചെയ്യുന്ന ഡോ. പി.വി. ചെറിയാനെ വാദ്യസംഗമം വേദിയിൽ സോപാനം ആദരിക്കും. സംഗീതജ്ഞൻ സോപാനരത്നം അമ്പലപ്പുഴ വിജയകുമാറിന്റെ നേതൃത്വത്തിൽ 51 കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്ന കേരളീയ തനതു സംഗീത പദ്ധതിയായ സോപാനസംഗീതവും നടക്കും. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 250ൽപരം വാദ്യകലാകാരന്മാർ പങ്കെടുക്കുന്ന പഞ്ചാരി മേളം അരങ്ങേറും. കേരളത്തിൽ നിന്ന് മുപ്പതിൽ പരം കലാകാരൻമാരാണ് ഇതിനായി ബഹ്റൈനിലെത്തുന്നത്. പ്രവേശനം സൗജന്യമായിരിക്കും. ഇത് സംബന്ധിച്ച് നടന്ന വാർത്തസമ്മേളനത്തിൽ കോൺവെക്സ് മീഡിയ എം.ഡി അജിത്ത് നായർ, സോപാനം ഡയറക്ടർ സന്തോഷ് കൈലാസ്, രക്ഷാധികാരി അനിൽ മാരാർ, വാദ്യസംഗമം ചെയർമാൻ ചന്ദ്രശേഖരൻ, കൺവീനർ ജോഷി ഗുരുവായൂർ, ട്രഷറർ രാജേഷ് മാധവൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ ശശികുമാർ, കൺവീനർ രൂപേഷ് ഊരാളുങ്കൽ, സോപാനം കോഓഡിനേറ്റർ വിനീഷ് സോപാനം എന്നിവർ പങ്കെടുത്തു.

article-image

AADSADSFASAS

You might also like

Most Viewed