സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിൽ 24കാരായ രണ്ട് ഗൾഫ് പൗരന്മാർക്കെതിരെ കൊലക്കുറ്റം ചുമത്തി
ബഹ്റൈനിൽ നൈറ്റ് ക്ലബിലെ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിപ്പിച്ചുകൊന്ന കേസിൽ 24കാരായ രണ്ട് ഗൾഫ് പൗരന്മാർക്കെതിരെ കൊലക്കുറ്റം ചുമത്തി. ആഗസ്റ്റ് ഒന്നിന് രാത്രി നടന്ന തർക്കമാണ് കൊലക്ക് കാരണമായത്. ഹൂറയിലെ ക്ലബിലേക്ക് നിയമം ലംഘിച്ച് മദ്യം കൊണ്ടുവരാൻ ശ്രമിച്ച രണ്ടു യുവാക്കളെയും സെക്യൂരിറ്റി ജീവനക്കാർ പുറത്താക്കിയിരുന്നു. തുടർന്ന് ഇവർ ബഹളമുണ്ടാക്കുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും ചെയ്തു. മൂന്നു മണിക്കൂർ കഴിഞ്ഞ് പുലർച്ച ഒരുമണിയോടെ എത്തിയ ഇവർ ക്ലബിന് പുറത്തുനിൽക്കുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാരെ കാർ ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. ഇതിൽ ഒരാൾ 10 മീറ്റർ അകലെയുള്ള അഴുക്കുചാലിലേക്ക് തെറിച്ചുവീണ് മരിച്ചു.
മറ്റു രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു.പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇവർക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ കൊലക്കുറ്റം ചുമത്തിയത്. അറസ്റ്റ് ഭയന്ന് നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവെയാണ് പ്രതികൾ പിടിയിലായത്.
dsfdsf