പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മിനിമം വേതനം വേണമെന്ന നിർദേശം തള്ളി ബഹ്റൈൻ
മനാമ: പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് മിനിമം വേതനം വേണമെന്ന നിർദേശം സർക്കാർ തള്ളി. 500 ദീനാർ മാസവരുമാനമുള്ളവർക്കേ ഡ്രൈവിങ് ലൈസൻസ് നൽകാവൂ എന്നതായിരുന്നു എം.പി മാരിൽ ചിലർ നിർദേശിച്ചത്. ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ എണ്ണം കുറക്കാൻ ഉദ്ദേശിച്ചായിരുനു ഈ നിർദേശം. എന്നാൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് നിലവിലെ റെസിഡൻസി പരിശോധനകളും നടപടികളും ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി മുഖേന നടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പുതിയ നിർദേശം സർക്കാർ തള്ളിയത്. ബഹ്‌റൈനിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ആയിരക്കണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം സഹായകമാകും.
ബഹ്‌റൈനികളല്ലാത്തവർക്ക് ലൈസൻസ് നൽകുന്നതിനുള്ള മാനദണ്ഡങ്ങൾ സർക്കാർ അവലോകനം ചെയ്തു. ട്രാഫിക് നിയമത്തിന്റെ നിലവിലുള്ള എക്സിക്യൂട്ടിവ് ചട്ടങ്ങൾ പ്രവാസികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നത് സംബന്ധിച്ചുള്ള വ്യവസ്ഥകൾ ഉൾപ്പെടുന്നതാണ്. അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിന് മുമ്പ് റെസിഡൻസി ആവശ്യകതകൾ ഇതിനകം ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) പരിശോധിച്ചിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രി അധ്യക്ഷനായ മന്ത്രിതല സമിതി രൂപവത്കരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിട്ടിരുന്നു. ഈ കമ്മിറ്റി ഗതാഗത ക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്.
ertyer