2026 ഫിഫ ലോകകപ്പ്; മൂന്നാം റൗണ്ട് ഏഷ്യൻ യോഗ്യത മത്സരത്തിൽ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ച് ബഹ്‌റൈൻ
2026ലെ ഫിഫ ലോകകപ്പിനുള്ള മൂന്നാം റൗണ്ട് ഏഷ്യൻ യോഗ്യത മത്സരത്തിൽ ബഹ്‌റൈൻ സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ചു. നാല് മത്സരങ്ങൾക്കുശേഷം, 15 ഗോളടിക്കുകയും ഒന്നുമാത്രം വഴങ്ങുകയും ചെയ്‌ത ജപ്പാൻ ഗ്രൂപ്പിൽ 10 പോയന്‍റുമായി മുന്നിട്ടു നിൽക്കുന്നു. ഒരു ജയവും രണ്ട് സമനിലയും നേടി ആസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്. പോയന്റ് നിലയിൽ സൗദി അറേബ്യ ആസ്‌ട്രേലിയക്കൊപ്പമാണെങ്കിലും ഗോൾ ശരാശരിയിൽ മൂന്നാം സ്ഥാനത്തായി. ഒരു ജയം, രണ്ട് സമനില, ഒരു പരാജയം എന്നിവയോടെ ബഹ്‌റൈൻ അഞ്ചു പോയന്റുമായി നാലാം സ്ഥാനത്താണ്. ഇന്തോനേഷ്യ അഞ്ചാം സ്ഥാനത്തും ചൈന ആറാം സ്ഥാനത്തുമാണ്.
അതേസമയം ഫിഫ ലോകകപ്പിനുള്ള എ.എഫ്.സി ഏഷ്യൻ യോഗ്യത മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ ഇന്തോനേഷ്യ -ബഹ്‌റൈൻ മത്സരത്തിനു ശേഷം ഇന്തോനേഷ്യൻ ആരാധകർ പ്രകടിപ്പിച്ച നിരുത്തരവാദപരവുമായ പെരുമാറ്റത്തെ ബഹ്‌റൈൻ ഫുട്‌ബാൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. മത്സരത്തിനു ശേഷം ബഹ്‌റൈൻ ദേശീയ ടീമിലെ കളിക്കാർക്ക് ഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടിവന്നിരുന്നു. ഇത്തരം ഭീഷണികൾ സ്പോർട്സ്മാൻ സ്പിരിറ്റിനും ഫുട്ബാളിന്റെ മൂല്യങ്ങൾക്കും നിരക്കാത്തതാണെന്നും, ഫിഫയെയും ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനെയും ഔദ്യോഗികമായി ഇതറിയിച്ചിട്ടുണ്ടെന്നും ബി.എഫ്.എ പറഞ്ഞു. ഭീഷണികളുടെ പശ്ചാത്തലത്തിൽ ഇന്തോനേഷ്യയിലെ ജകാർത്തയിൽ നടക്കാനിരിക്കുന്ന മാച്ചിന്റെ വേദി മാറ്റണമെന്നും ബഹ്റൈൻ ആവശ്യപ്പെട്ടു.
്േു്ംു