ബഹ്റൈനിൽ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമായി അംഗീകൃത സ്വർണപണയ സൗകര്യമൊരുക്കി ബെനിഫിൻ പ്ലാറ്റ്ഫോം
മനാമ:
ബഹ്റൈനിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് ആശ്വാസമായി അത്യാവശ്യഘട്ടങ്ങളിൽ സാമ്പത്തിക സഹായം ലഭിക്കാനായി പുതിയൊരു ഫണ്ടിങ്ങ് പ്ലാറ്റ്ഫോം സംവിധാനം നിലവിൽ വന്നു. ഇതിലൂടെ സ്ഥാപന ഉടമകൾക്ക് കൈവശമുള്ള സ്വർണമോ, അംഗീകാരം ലഭിച്ച ഇൻവോയിസുകളോ നൽകി വളരെ ചെറിയ പലിശ നിരക്കിൽ ഇനി മുതൽ സാമ്പത്തിക സഹായം ലഭിക്കും. ബെനിഫിൻ എന്ന ഫിൻടെക് കമ്പനിക്കാണ് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ ഇതിനായുള്ള റെഗുലേറ്ററി അംഗീകാരം നൽകിയിരിക്കുന്നത്. ലോൺ അടിസ്ഥാനമാക്കിയുള്ള ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ് ഫോം എന്ന രീതിയിലാണ് ബഹ്റൈനിൽ ബെനിഫിൻ ലോഞ്ച് ചെയ്തിരിക്കുന്നത്.
ബഹ്റൈനിൽ സ്വർണം പണയം വെച്ച് പണം വാങ്ങുന്നത് നേരത്തേ സാധ്യമല്ലായിരുന്നു. ഇത് കാരണം പലരും അനധികൃതമായി കൊള്ളപലിശക്കായിരുന്നു ഇത്തരം സാമ്പത്തിക സഹായങ്ങൾ തേടിയിരുന്നത്. എന്നാൽ പുതിയ തീരുമാനം വരുന്നതോടെ കച്ചവടക്കാർക്ക് എളുപ്പത്തിൽ വളരെ ചെറിയ പലിശ നിരക്കിൽ പണം ലഭിക്കുന്നതിനുള്ള അവസരം കൈവന്നിരിക്കുകയാണ്.
ബാങ്കുകളിൽ നിന്ന് പോലും വായ്പകൾ ലഭിക്കുന്നതിന് വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ ബെനിഫിനിലൂടെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രവർത്തന മൂലധനം സൗകര്യപ്രദമായി സമാഹരിക്കാൻ സാധിക്കും. ബെനിഫിൻ മുമ്പോട്ട് വെക്കുന്ന നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ബിസിനസ്സുകളെ നിക്ഷേപകരുമായി നേരിട്ട് ബന്ധിപ്പിച്ച് ഫണ്ടിങ്ങിന്റെ ചെലവും വേഗതയും കാര്യക്ഷമമാക്കുന്നു. പണം ആവശ്യക്കാർക്ക് നൽകുന്നതിനോടൊപ്പം തന്നെ ബെനിഫിനിൽ പണം നിക്ഷേപ്പിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മികച്ച വരുമാനമാണ് ഇവർക്ക് ബെനിഫിൻ ഉറപ്പ് നൽകുന്നത്. വളരെ എളുപ്പത്തിൽ റെജിസ്ട്രേഷൻ ഫീസ് പോലുമില്ലാതെ ഒരാൾക്ക് ഇതിന്റെ ഭാഗമാകാവുന്നതാണ്.
ബഹ്റൈനിലെ ചെറുകിട സംരഭകർക്കായി ഇത്തരത്തിൽ ഒരു ക്രൗഡ് ഫണ്ടിങ്ങ് പ്ലാറ്റ്ഫോം കൊണ്ടുവരുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്ന് ബെന്നിഫിൻ സിഇഒ ബബിത ജോർജ്ജ് പറഞ്ഞു. ചെറുകിട നിക്ഷേപകരുടെ വളർച്ചയെ സഹായിക്കുക എന്ന ബഹ്റൈന്റെ പ്രഖ്യാപിത ലക്ഷയത്തിൽ പങ്ക് ചേർന്നുകൊണ്ട് ഇവരുടെ ഇടയിൽ സാമ്പത്തികക്ഷേമം കൊണ്ടുവരികയെന്നാണ് തങ്ങളുടെ ദൗത്യമെന്നും അവർ വ്യക്തമാക്കി. സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ, സുപ്രീം കൗൺസിൽ ഫോർ വിമൻ, ബഹ്റൈൻ ഫിൻടെക് ബേ എന്നിവയുടെ കീഴിലുള്ള സ്റ്റാൻഡേർഡ് ചാർട്ടേഡ് വിമൻ ഇൻ ടെക് പ്രോഗ്രാമായ കോഹോർട്ട്-4 ന്റെ ഭാഗമാണു ബെന്നെഫിൻ. കൂടുതൽ വിവരങ്ങൾക്ക് 35003175 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. www.bennefin.com എന്ന വെബ്സൈറ്റിലൂടെയും വിശദവിവരങ്ങൾ ലഭിക്കും.