നാൽപ്പതാം വാർഷികാഘോഷത്തിനൊരുങ്ങി ബഹ്റൈൻ പ്രതിഭ
മനാമ: ബഹ്റൈനിലെ മലയാളി സംഘടനകളിൽ പ്രധാനപ്പെട്ട ബഹ്റൈൻ പ്രതിഭയുടെ നാൽപ്പതാം വാർഷിക പരിപാടികൾ ഡിസംബർ 12.13 തിയ്യതികളിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ അരങ്ങേറും. ഇതിന്റെ ഭാഗമായി ഡിസംബർ 12ന് വൈകുന്നേരം 7 മണി മുതൽ ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് അവതരിപ്പിക്കുന്ന "ബഹ്റൈൻ പ്രതിഭ മലയാളി ജീനിയസ്" ഷോ അരങ്ങേറും. വിജയിക്ക് ഒരു ലക്ഷത്തി പതിനായിരത്തി പതിനൊന്ന് രൂപയും പ്രതിഭ മലയാളി ജീനിയസ് ഫലകവും നൽകും. കൂടാതെ ഫൈനലിലെത്തുന്ന ആറ് മത്സര ടീമിന് പതിനായിരത്തി പതിനൊന്ന് രൂപ സമ്മാനമായി നൽകും. തുടർന്നുള്ള ദിവസം എംടിയുടെ വിവിധ കൃതികളെ ആധാരമാക്കി പ്രശസ്ത നാടക പ്രവർത്തകൻ പ്രശാന്ത് നാരായണൻ അണിയിച്ചൊരുക്കിയ “മഹാസാഗരം” എന്ന നാടകം പ്രതിഭ നാടക പ്രവർത്തകർ അരങ്ങിലെത്തിക്കും.
ഇതോടൊപ്പം സംഗീത ശില്പം, ഘോഷയാത്ര, ഗാനമേള തുടങ്ങിയ പരിപാടികളും നാല്പതാം വാർഷികത്തിന്റെ ഭാഗമായി നടത്താൻ പ്രതിഭ സെന്ററിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരിയും ലോക കേരളസഭ അംഗവുമായ പി. ശ്രീജിത്ത് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കേന്ദ്ര ജോയിന്റ് സെക്രട്ടറി സജിഷ പ്രജിത് സ്വാഗതം പറഞ്ഞു. പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ അദ്ധ്യക്ഷനായിരുന്നു. അനീഷ് കരിവെള്ളൂര്‍ നന്ദി രേഖപ്പെടുത്തി. പി ശ്രീജിത്ത് ചെയർമാനായും, സുബൈർ കണ്ണൂർ ജനറൽ കൺവീനറായുമുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. യോഗത്തോടനുബന്ധിച്ച നടന്ന പുഷ്പൻ അനുശോചനം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ നടത്തി.
dsgdsg