ബഹ്‌റൈൻ പ്രവാസി സാഹിത്യോത്സവ് നവംബർ 8ന് : കാന്തപുരം പ്രകാശനം നിർവഹിച്ചു


മനാമ: കലാലയം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പതിനാലാം എഡിഷൻ ബഹ്‌റൈൻ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഔദ്യോഗിക വിളംബരം ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു. നവംബർ എട്ടിന് മനാമയിൽ വെച്ച് നടക്കുന്ന സാഹിത്യോത്സവിൽ അനേകം കലാ പ്രതിഭകൾ മത്സരിക്കും. 'നാട് വിട്ടവർ വരച്ച ജീവിതം' എന്ന തീമിൽ ഒരുങ്ങുന്ന പ്രവാസി സാഹിത്യോത്സവ് ബഹ്റൈനിലെ മലയാളി സമൂഹത്തിനിടയിലെ സവിശേഷമായ കലാ സാഹിത്യ സംഗമമായി മാറും. ബഹ്റൈനിലടക്കം പത്തൊൻപത് രാഷ്ട്രങ്ങളിൽ പ്രവാസി മലയാളികളായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സർഗശേഷിയെയും ആവിഷ്കാരങ്ങളെയും പരിപോഷിപ്പിക്കാനും പ്രകടിപിക്കാനുമായി വിവിധ ഇനം കലാ മത്സരങ്ങൾ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സംവിധാനിച്ചിട്ടുണ്ട്. കുടുംബ വേദിയിൽ നിന്നും തുടങ്ങി ബഹ്റൈനിൽ രിസാല സ്റ്റഡി സർക്കിളിന്റെ മുപ്പത് യൂനിറ്റുകളിലും പത്ത് സെക്ടറുകളിലും മൂന്ന് സോണുകളിലുമായി നടക്കുന്ന മത്സരങ്ങൾക്ക് ശേഷമാണ് നവംബർ 8 ന് നാഷനൽ തലത്തിൽ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്. ഓരോ ഘടകത്തിൽ നിന്നും ഒന്നാം സ്ഥാനം നേടുന്ന മത്സരാർത്ഥിക്കാണ് തൊട്ടു മുകളിലെ ഘടകത്തിൽ മത്സരിക്കാൻ അവസരമുണ്ടാവുക. ബഡ്സ്, കിഡ്സ്‌, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ, ജനറൽ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുക. കാമ്പസ് വിഭാഗത്തിൽ സ്കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ട്.

ജാതി മത ലിംഗ ഭേദമന്യേ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.നവംബർ ആദ്യ വാരത്തിൽ നടക്കുന്ന നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സാഹിത്യ മേളയും പുസ്തക ചർച്ചയും കലാ സംവാദവും ആസൂത്രണം ചെയ്തിട്ടുണ്ട്. ബഹ്‌റൈനിലെ മലയാളി പ്രവാസി സമൂഹത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. മാപ്പിളപാട്ടിനു പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ, പ്രസംഗങ്ങൾ, ഖവാലി , ദഫ്, നശീദ, ഖസീദ, കവിതാ പാരായണം, കഥ പറയൽ, കാലിഗ്രഫി, കഥ കവിത പ്രബന്ധ രചനകൾ, മാഗസിൻ ഡിസൈൻ, ചിത്ര രചന ഉൾപ്പെടെ 99 ഇനങ്ങളിലാണ് സാഹിത്യോത്സവിൽ മത്സരങ്ങൾ നടക്കുക. ഐ സി എഫ് ഇന്റർനാഷണൽ മീലാദ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി ബഹ്‌റൈനിലെത്തിയ വേളയിലാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നാഷനൽ പ്രവാസി സാഹിത്യോത്സവിന്റെ പ്രഖ്യാപനം നിർവഹിച്ചത്. പ്രസ്തുത ചടങ്ങിന് ആർ എസ് സി നാഷനൽ നേതാക്കളായ മുനീർ സഖാഫി, അഷ്‌റഫ്‌ മങ്കര, സഫ്‌വാൻ സഖാഫി, ഫൈസൽ വടകര തുടങ്ങിയവർ നേതൃത്വം നൽകി.

article-image

sdfgsg

article-image

sdfsdf

You might also like

Most Viewed