വനവത്കരണം; ഹമദ് ടൗണിൽ 8300ലധികം മരങ്ങൾ നട്ടു


മനാമ: 2035ഓടെ രാജ്യത്തെ മരങ്ങളുടെ എണ്ണം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി നടക്കുന്ന വനവത്കരണ പരിപാടിയോടനുബന്ധിച്ച് ഹമദ് ടൗണിൽ 8300ലധികം മരങ്ങൾ നട്ടു. ദേശീയ വനവത്കരണ പരിപാടിയുടെ രണ്ടാം ഘട്ടമായാണ് മരം നട്ടത്. മൂന്നാം ഘട്ടത്തിൽ 2500 വൃക്ഷത്തൈകൾ കൂടി ശൈഖ് ഹമദ് അവന്യൂവിൽ നടും. മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അഗ്രികൾചർ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ സ്ഥലം സന്ദർശിച്ചു. വിവിധ ഗവർണറേറ്റുകളിലുടനീളം ഹരിതഭംഗി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു. നോർത്തേൺ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ ലാമിയ അൽ ഫദാലയും മറ്റ് മന്ത്രാലയ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

പദ്ധതിയുടെ രണ്ടാം ഘട്ടം അവസാനിച്ചപ്പോൾ ശൈഖ് ഹമദ് അവന്യൂവിൽ 8300 മരങ്ങൾ നട്ടുപിടിപ്പിച്ചതായി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ പറഞ്ഞു. റോഡിന്റെ 18 കിലോമീറ്റർ നീളത്തിൽ 10,800 മരങ്ങൾ എന്നതാണ് ലക്ഷ്യം. ദേശീയ വനവത്കരണ പരിപാടി ലക്ഷ്യത്തിലെത്താൻ മറ്റു മന്ത്രാലയങ്ങളുമായും സർക്കാർ ഏജൻസികളുമായും സഹകരിച്ച് വനവത്കരണ പരിപാടികളും സംരംഭങ്ങളും മന്ത്രാലയം തുടരും. 2060ഓടെ കാർബൺ എമിഷൻ പൂജ്യത്തിലെത്തുക എന്നാണ് ബഹ്‌റൈൻ ലക്ഷ്യമിടുന്നത്.
കണ്ടൽക്കാടുകളുടെ എണ്ണം വർധിപ്പിക്കാൻ കാർഷിക നഴ്സറികൾ സ്ഥാപിച്ചിരുന്നു. പൊതുനിരത്തുകളിലും ചത്വരങ്ങളിലും 140,000ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ 1,10,000 കണ്ടൽചെടികളും നടും. 2035 ആകുമ്പോഴേക്കും 1.8 ദശലക്ഷത്തിൽനിന്ന് 3.6 ദശലക്ഷമായി മരങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം.

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed