രാജ്യത്ത് വളർന്നുവരേണ്ട വികാരമാണ് സാഹോദര്യമെന്ന് സഞ്ചാരിയും എഴുത്തുകാരനുമായ സജി മാർക്കോസ്
മനാമ: രാജ്യത്ത് വളർന്നുവരേണ്ട വികാരമാണ് സാഹോദര്യമെന്ന് സഞ്ചാരിയും എഴുത്തുകാരനുമായ സജി മാർക്കോസ് പറഞ്ഞു. സ്വാതന്ത്ര്യദിനത്തിൽ പ്രവാസി വെൽഫെയർ പ്രവാസി സെന്‍ററിൽ ‘സ്വാതന്ത്ര്യത്തിന്റെ നാനാർഥങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സ്വാതന്ത്ര്യത്തെയും സമത്വത്തെയും കൂട്ടിയോജിപ്പിക്കുമ്പോൾ കിട്ടുന്ന സൗന്ദര്യമാണ് സാഹോദര്യം. ജാതിവ്യവസ്ഥകളാൽ തുല്യത ഇല്ലാതിരുന്ന സമൂഹത്തിലേക്ക് ഭരണഘടനയാണ് തുല്യത കൊണ്ടുവന്നത്. ഒരുകാലത്ത് നമ്മുടെ രാജ്യത്തേക്ക് കച്ചവടം ചെയ്യാൻ വന്നവർ രാജ്യത്തെ ഭരിക്കുന്നവരായി മാറിയെങ്കിൽ ഇന്ന് ഭരിക്കുന്നവർ കച്ചവടക്കാരായി മാറിയ അവസ്ഥയാണ്. അധികാരം ഒരാളിലേക്ക് കുമിഞ്ഞുകൂടുന്നത് ജനാധിപത്യത്തിന് ആപത്താണ്. അതുകൊണ്ടാണ് സമൂഹത്തിന്‍റെ താഴെ തട്ടിൽ വരെ അധികാര വികേന്ദ്രീകരണത്തിനുള്ള നിയമങ്ങൾ രാജ്യത്ത് നടപ്പാക്കിയത്.അതുപോലെ തന്നെ സമ്പത്ത് വ്യക്തികളിൽ കുമിഞ്ഞുകൂടുന്നതും ജനാധിപത്യത്തിന് ദോഷം ചെയ്യും. ജനാധിപത്യത്തെക്കുറിച്ച് രാഷ്ട്രീയ ബോധമുള്ള നമ്മൾ സാമ്പത്തിക ജനാധിപത്യത്തെക്കുറിച്ച് ബോധവാന്മാരല്ല എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് നിലനിന്ന വ്യത്യസ്തതകളെ ചേർത്തു പിടിച്ച് കൊണ്ടും മുഴുവൻ മനുഷ്യരുടെയും ക്ഷേമം ഉറപ്പുവരുത്തിയുമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യ രൂപപ്പെട്ടത്. വൈജാത്യങ്ങളിലൂടെ രൂപപ്പെട്ട രാജ്യത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം പുറംതള്ളുന്നതിനെക്കുറിച്ചാണ് ഇന്ന് രാജ്യം ചിന്തിക്കുന്നത്. ഇത് ഇന്ത്യ എന്ന ആശയത്തെ തന്നെ നിഷേധിക്കുന്നതിന് തുല്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രവാസി വെൽഫെയർ സെക്രട്ടറി ഇർഷാദ് കോട്ടയം പറഞ്ഞു. പ്രവാസി വെൽഫെയർ സെക്രട്ടറി ജോഷി ജോസഫ് സ്വാഗതവും എക്സിക്യൂട്ടിവ് അംഗം ലിഖിത ലക്ഷ്മൺ നന്ദിയും പറഞ്ഞു.
asffsdf