ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള സഹകരണ കരാറിൽ ബഹ്റൈനും കുവൈത്തും ഒപ്പുവെച്ചു
ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനുമുള്ള മൂന്നു വർഷത്തെ ടൂറിസം സഹകരണ കരാറിന്റെ എക്സിക്യൂട്ടിവ് പ്രോഗ്രാമിൽ ബഹ്റൈനും കുവൈത്തും തമ്മിൽ ഒപ്പുവെച്ചു. കുവൈത്ത് ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി, ബഹ്‌റൈനിലെ ടൂറിസം മന്ത്രി ഫാത്തിമ അൽ സൈറാഫി എന്നിവരാണ് ഇരു രാജ്യങ്ങളെയും പ്രതിനിധാനം ചെയ്ത് കരാറിൽ ഒപ്പുവെച്ചത്. 2024, 2025, 2026 വർഷങ്ങളിലേക്കാണ് സഹകരണ കരാർ. കുവൈത്തുമായുള്ള ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ബഹ്‌റൈന്റെ താൽപര്യം അൽ സൈറാഫി ചടങ്ങിൽ വ്യക്തമാക്കി.
ടൂറിസം മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട വൈദഗ്ധ്യത്തിന്റെയും വിവരങ്ങളുടെയും കൈമാറ്റം, സംയുക്ത ടൂറിസം ഇവന്റുകൾ സംഘടിപ്പിക്കൽ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങൾക്കുള്ളിൽ പ്രമോഷനൽ പരിപാടികൾ ശക്തിപ്പെടുത്തൽ എന്നിവയാണ് കരാറിന്റെ ഭാഗമായി വരുന്നത്. കുവൈത്ത് എയർവേസ് ചെയർമാൻ ക്യാപ്റ്റൻ അബ്ദുൽ മൊഹ്‌സെൻ സലേം അൽ ഫഗാനുമായി ബഹ്റൈൻ ടൂറിസം മന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്കായി പാക്കേജുകളും സേവനങ്ങളും വൈവിധ്യവത്കരിക്കാൻ ലക്ഷ്യമിട്ടുള്ള സംയുക്ത ടൂറിസം പാക്കേജുകൾ ആരംഭിക്കുന്നതിനെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.
fghfgh