മയക്ക് മരുന്ന് കേസിൽ ബഹ്റൈനിൽ രണ്ട് ഏഷ്യക്കാർക്ക് 15 വർഷം തടവ്
മനാമ:മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് ഏഷ്യക്കാർക്ക് 15 വർഷം തടവും 5000 ദീനാർ വീതം പിഴയും ഹൈ ക്രിമിനൽ കോടതി വിധിച്ചു. ഹെറോയിൻ കൈവശം വെച്ചു, രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചു എന്നിവയാണ് ഇവർക്കെതിരായ കേസ്. ഏപ്രിൽ 20 ന് ബഹ്‌റൈൻ രാജ്യാന്തര വിമാനത്താവളത്തിൽവെച്ചാണ് ഏഷ്യൻ യുവാവ് പിടിയിലായത്. ഇയാളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ എയർപോർട്ട് സുരക്ഷ ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോൾ ബാക്പാക്കിനുള്ളിൽ ഹെറോയിൻ ഒളിപ്പിച്ചത് കണ്ടെത്തുകയായിരുന്നു. പ്ലാസ്റ്റിക് കവറുകളിൽ ടേപ് ഉപയോഗിച്ച് അടച്ച നിലയിലായിരുന്നു ഹെറോയിൻ വെച്ചിരുന്നത്. സ്വന്തം നാട്ടിൽ നിന്ന് കടത്തിയ മയക്കുമരുന്ന് ബഹ്‌റൈനിലെത്തുമ്പോൾ മറ്റൊരാൾ വാങ്ങുമെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
ഇതിനിടെ, അറൈവൽ ഹാളിൽ ഒന്നാം പ്രതിയെ കാത്തുനിന്ന രണ്ടാമനും പിടിയിലായി. സഹോദരനെ സ്വീകരിക്കാൻ വന്നതാണെന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തുകയായിരുന്നു. രണ്ട് പേരും ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന വലിയ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും ചെയ്തു. ഇതോടെയാണ് ഇപ്പോൾ രണ്ട് പേർക്കും 15 വർഷം തടവും 5,000 ബഹ്‌റൈൻ ദീനാർ വീതം പിഴയും വിധിച്ച് ഉത്തരവ് വന്നിരിക്കുന്നത്. ശിക്ഷ കാലാവധിക്കുശേഷം ഇവരെ ബഹ്‌റൈനിൽനിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
sddxf