ബഹ്റൈനിൽ നിന്ന് വിദേശതൊഴിലാളികൾ പണമയക്കുന്നതിൽ ഇടിവ്
മനാമ: ബഹ്റൈനിലേയ്ക്കുള്ള വിദേശ തൊഴിലാളികളുടെ ഒഴുക്ക് തുടരുമ്പോൾ തന്നെ ഇവിടെ നിന്ന് പുറത്തേക്ക് അയക്കുന്ന പണമിടപാടുകളിൽ കുറവ് രേഖപ്പെടുത്തുന്നതായി അധികൃതർ. ബഹ്റൈൻ സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. 2024ന്റെ ആദ്യ മൂന്ന് മാസങ്ങളിൽ 2.1 ശതമാനം ഇടിവാണ് പണമയക്കുന്നതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 235.6 മില്യൺ ബഹ്റൈൻ ദിനാറാണ് അയച്ചിരുന്നതെങ്കിൽ ഈ വർഷം അത് 230.7 മില്യൺ ദിനാറായിട്ടാണ് ചുരുങ്ങിയിരിക്കുന്നത്.
അതേസമയം ഏകദേശം 5.8 ശതമാനം വർദ്ധനവാണ് ഓരോ വർഷവും വിദേശതൊഴിലാളികളുടെ എണ്ണത്തിൽ ബഹ്റൈനിലുണ്ടാകുന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധി മുതൽ ജീവിതചിലവുകളുടെ വർദ്ധനവ് വരെ ഇതിന്റെ കാരണമായേക്കാമെന്ന് വിദഗ്ധർ ചൂണ്ടികാണിക്കുന്നു. കെട്ടിട നിർമ്മാണ രംഗത്താണ് രാജ്യത്ത് ഏറ്റവുമധികം വിദേശികൾ ജോലി ചെയ്തുവരുന്നത്. ആകെ വിദേശ തൊഴിലാളികളുടെ കാൽഭാഗമാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നത്.
edgtdf