മനാമ സൂഖ് നവീകരണ പദ്ധതി തയ്യാറാക്കാൻ നിർദേശിച്ച് ബഹ്റൈൻ പ്രധാനമന്ത്രി
മനാമ
രാജ്യതലസ്ഥാനമായ മനാമയുടെ പ്രധാന ഭാഗമായ മനാമ സൂഖിനെ അതിന്റെ പൗരാണികത നിലനിർത്തി നവീകരിക്കാനുള്ള പദ്ധതിക്ക് രൂപം നൽകാൻ ബഹ്റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ഇന്നലെ ഗുദേബിയ പാലസിൽ വെച്ച് അദ്ദേഹത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സമീപകാലത്തുണ്ടായ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായിരിക്കുന്ന മികച്ച തീരുമാനമാണിതെന്ന് നിരവധി പാർലിമെന്റ് എംപിമാർ അഭിപ്രായപ്പെട്ടു. ഏറെ പഴകിയ കെട്ടിടങ്ങൾ ഉള്ള മനാമ സൂഖ് നവീകരിക്കുന്നതോടെ പ്രദേശത്ത് ഉണ്ടാകാനിടയുള്ള അപകടസാദ്ധ്യതകൾ ഏറെ കുറയുമെന്നും ഇവർ പറയുന്നു. വരാനിരിക്കുന്ന അശൂറ ദിനാചരണങ്ങൾക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ നടത്താനും ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് മന്ത്രിസഭായോഗം നിർദേശം നൽകി.
aa