ഇന്ത്യൻ സ്‌കൂളിൽ പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിന് അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു

ബഹ്റൈനിലെ ഇന്ത്യൻ സ്‌കൂളിൽ പെൺകുട്ടികൾക്കായി പുതിയ ടോയ്‌ലറ്റ് ബ്ലോക്ക് നിർമ്മിക്കുന്നതിനും നിർദിഷ്ട ടോയ്‌ലറ്റ് ബ്ലോക്കിന്റെ സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങൾ മാറ്റി സ്ഥാപിക്കുന്നതിനുമുള്ള ബജറ്റ് നിർദേശങ്ങൾക്ക് അടിയന്തര ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ലഭിച്ചു. പുതിയ ടോയ്‌ലറ്റ് ബ്ലോക്ക്, ആർപി ബ്ലോക്കിനും നേതാജി ബ്ലോക്കിനുമിടയിലായിരിക്കും സ്ഥാപിക്കുക. രണ്ട് നിലകളിലായി ഏകദേശം 80 ടോയ്‌ലറ്റുകളാണ് സ്ഥാപിക്കാൻ പോകുന്നത്. പുതിയ ബ്ലോക്ക് നിർമ്മിക്കാനുള്ള തീരുമാനത്തെ തുടർന്ന് നിർദിഷ്ട സൈറ്റിലെ പോർട്ട ക്യാബിനുകൾ മാറ്റി സ്ഥാപിക്കും. സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിലൂടെ ഈ അടിസ്ഥാന സൗകര്യ വികസനങ്ങൾ സാധ്യമാക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
പുതിയ ടോയ്‌ലറ്റ് സൗകര്യങ്ങളുടെ നിർമ്മാണത്തിന് പുറമേ, റിഫ കാമ്പസിലെ വാട്ടർപ്രൂഫിംഗ് ജോലികൾക്കുള്ള സാമ്പത്തിക അനുമതിയെന്ന രണ്ടാമത്തെ അജണ്ടയ്ക്കും യോഗം അംഗീകാരം നൽകി. 10 വർഷത്തെ ഗ്യാരണ്ടിയോടെ ഒരു അംഗീകൃത കൺസൾട്ടന്റിന്റെ മേൽനോട്ടത്തിലുള്ള ഈ അറ്റകുറ്റപ്പണി പൂർത്തിയാക്കി സോളാർ പാനൽ സിസ്റ്റം സ്ഥാപിക്കാനാണ് തീരുമാനം. ബജറ്റ് അംഗീകാരം ലഭിച്ച സാഹചര്യത്തിൽ രണ്ട് നിർദ്ദേശങ്ങളും സ്കൂൾ വെബ്സൈറ്റിലൂടെ തുറന്ന ടെൻഡറിന് നൽകും. സ്‌കൂൾ ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ, അസി.സെക്രട്ടറി രഞ്ജിനി മോഹൻ, ഭരണ സമിതി അംഗങ്ങളായ മിഥുൻ മോഹൻ, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
asdff